മലയാളത്തില്‍ എഴുതാന്‍ പഠിക്കാം

>> 12.4.08

ഈ അധ്യായത്തില്‍ നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്  മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍ രീതി  ഉപയോഗിച്ച് ഇങ്ങളെ ടൈപ് ചെയ്യാം എന്നതാണ്. ആദ്യ ഭാഗത്ത് വരമൊഴി, കീമാന്‍ എന്നീ  സോഫ്റ്റ്‌ വെയറുകളുടെ എഴുത്ത് രീതിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ രണ്ടു രീതികളുടെയും ഏറ്റവും വലിയ പ്രയോജനം, അവ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാത്തപ്പോഴും നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം എന്നതാണ്. ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് ഒരു വലിയ പോസ്റ്റ്‌ പലപ്പോഴായി എഴുതുവാനും, എഡിറ്റ്‌ ചെയ്യുവാനും ഒക്കെ ഇതുമൂലം സാധിക്കും. അവസാന മിനുക്ക്‌ പണികള്‍ക്ക് ശേഷംമാത്രം, ബ്ലോഗിന്റെ പബ്ലിഷ് പേജിലേക്ക് കോപ്പി പേസ്റ്റ് ചെയ്‌താല്‍ മതി. 

ഈ പോസ്റ്റിന്റെ രണ്ടാംഭാഗത്ത് ഗൂഗിള്‍ ട്രാൻസ്ലിറ്ററേഷൻ രീതിയില്‍ പ്രവര്‍ത്തിക്കുന്ന എഴുത്ത് രീതിയെപ്പറ്റിയാണ് പറയുന്നത്. ഒപ്പം അതിന്റെ തന്നെ വിഭാഗങ്ങളായ മോസില്ല add-on, Epic write തുടങ്ങിയ സംവിധാനങ്ങളും വിവരിക്കുന്നു.


ട്രാൻസ്ലിറ്ററേഷൻ:

ട്രാന്‍സ്‌ലിറ്ററേഷന്‍ (ഇംഗ്ലീഷ് ലിപിയില്‍ എഴുതി മലയാളം കിട്ടുന്ന രീതി) നിലവില്‍ വരുന്നതിനുമുമ്പുതന്നെ, ഇംഗ്ലീഷ് ലിപിയില്‍ മലയാളം വാക്കുകള്‍ എഴുതുന്നതിനെ “മംഗ്ലീഷില്‍ എഴുതുക” എന്നൊരു പേരില്‍ വിളിച്ചിരുന്നു. ഇവിടെ ട്രാന്‍സലിറ്ററേഷനില്‍ ചെയ്യാന്‍ പോകുന്നതും അതുതന്നെ - മലയാളം വാക്കുകളെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതുക.

ഏതൊരുവാക്കിലും സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഉണ്ടാവും എന്നറിയാമല്ലോ. ഇംഗ്ലീഷില്‍ അഞ്ചു സ്വരാക്ഷരങ്ങളേയുള്ളൂ.

a, e, i, o, u എന്നിവയാണവ.

ഈ സ്വരാക്ഷരങ്ങളെ ബാക്കിയുള്ള ഇംഗ്ലീഷ് അക്ഷരങ്ങളുമായി ചേര്‍ത്താണ് നാം മലയാളം വാക്കുകള്‍ എഴുതാന്‍ പോകുന്നത് . ഈ അക്ഷരങ്ങളുടെ സ്വരങ്ങള്‍ മലയാളത്തില്‍ ഇനി പറയുന്നു.

a = അ e = എ i = ഇ o = ഒ u= ഉ

ചില ഉദാഹരണങ്ങള്‍ നോക്കൂ:

kali=കലി kaLi=കളി

kaali=കാലി kaaLi=കാളി

kuuli=കൂലി kiLi=കിളി

kOlam=കോലം kollam=കൊല്ലം

ട്രാന്‍സ്‌ലിറ്ററേഷന്റെ മറ്റൊരു പ്രത്യേകത, അത് ഒരേ വാക്കിന്റെ തന്നെ പല എഴുത്തുരൂപങ്ങളെ കണക്കിലെടുക്കുന്നു എന്നതാണ്.kuuli, kooli ഇതിലേതെഴുതിയാലും “കൂലി“ എന്നും  adur, adoor ഇതുരണ്ടും അടൂര്‍ എന്നും സോഫ്റ്റ്വെയര്‍ മനസ്സിലാക്കിക്കൊള്ളും. മുകളില്‍ വിവരിച്ച ഉദാഹരണങ്ങളില്‍ നിന്ന് , വരമൊഴി, കീമാന്‍ എന്നീ സോഫ്റ്റ്‌ വെയറുകള്‍ക്ക് ഓരോ അക്ഷര വ്യത്യാസങ്ങളെയും മനസ്സിലാക്കുവാനായി വെവ്വേറെ രീതിയില്‍ സ്വരാക്ഷരങ്ങള്‍ നാം എഴുതേണ്ടതുണ്ട് എന്ന് മനസ്സിലായല്ലോ. അതായത്, ഈ സോഫ്റ്റ്‌വെയറുകള്‍ ഓരോ അക്ഷരങ്ങളെയാണ്‌ മൊഴിമാറ്റം ചെയ്യുന്നത്. (മറിച്ച്‌ ഗൂഗിള്‍ transliteration എന്ന സോഫ്റ്റ്‌വെയര്‍ അക്ഷരങ്ങളെ അല്ല, ഒരു വാക്കിനെ മൊത്തമായി കണക്കിലെടുത്താണ് മൊഴി മാറ്റുന്നത്. ഈ രീതിയില്‍ മൊഴി മാറ്റുമ്പോള്‍, ചിലപ്പോഴൊക്കെ നാം ഉദേശിച്ച വാക്കുതന്നെ ഔട്പുട്ട് ആയി ലഭിക്കണം എന്നില്ലതാനും. ഇതെങ്ങനെ കൈകാര്യം ചെയ്യാം എന്ന് ഗൂഗിള്‍ transliteration വിശദീകരിക്കുമ്പോള്‍ പറയാം.)


1. വരമൊഴി എഡിറ്റര്‍:

ഇതൊരു ഓഫ്‌ലൈന്‍ മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍ എഡിറ്ററാണ്. ഇന്റര്‍നെറ്റുമായി നിങ്ങളുടെ കമ്പ്യൂട്ടര്‍ കണക്ട് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ഈ പ്രോഗ്രാം നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കും. ശ്രീ.സി.ജെ. സിബുവാണ് ഇതിന്റെ ഉപജ്ഞാതാവ്. ട്രാന്‍സ്‌ലിറ്ററേഷനിലെ തുടക്കക്കാര്‍ക്ക് ഏറ്റവും നല്ല സോഫ്റ്റ്വെയര്‍ ഇതാണ്. ഈ സോഫ്റ്റ്വെയറിന്റെ വിന്റോയ്ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഇടതുവശത്ത് നിങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയ കീ സ്ട്രോക്കുകള്‍ ഏതൊക്കെയാണെന്നും, അതിനു തത്തുല്യമായ മലയാളം വാക്ക് എന്തെന്ന് വലതു വശത്തും കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതില്‍ എഴുതിക്കഴിഞ്ഞ്, എഴുതിയ പാരഗ്രാഫിനെ ( വലതുവശത്തെ വിന്റോയില്‍ യുണികോഡ് മലയാളം ടെക്സ്റ്റ്‌ ആയി ആണ് അത് ലഭിക്കുക), നമുക്ക് എവിടെയാണോ അത് എഴുതേണ്ടത് അവിടേക്ക് കോപ്പി / പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.  എഴുതിയ ടെക്സ്റ്റ്‌ ഒരു ഫയല്‍ ആയി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുവാനും വരമൊഴിയില്‍ സംവിധാനമുണ്ട്. അതായത്, ഒരു വലിയ ഡോക്കുമെന്റ് നിങ്ങള്‍ക്ക് പലപ്പോഴായി എഴുതി തയ്യാറാക്കുകയും, എഡിറ്റ്‌ ചെയ്യുകയും ചെയ്യാം.  വരമൊഴി ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് വിശദമായി താഴെ പഠിക്കാം. 


2. Tavultesoft കീമാന്‍

ഇത് മറ്റൊരു off-line ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയറാണ്. ഇതില്‍ പ്രവര്‍ത്തിക്കുവാന്‍ പാകത്തിന് മലയാളം യൂണിക്കോഡ് അക്ഷരങ്ങളെ ശ്രീ. രാജ് നായര്‍ (ബ്ലോഗ് പേര് പെരിങ്ങോടൻ) ക്രമപ്പെടുത്തി ഉണ്ടാക്കിയെടുത്ത “മൊഴി കീമാപ്പ്“ എന്ന സങ്കേതം ഉപയോഗിച്ചുകൊണ്ടാണ് മലയാളം ടൈപ്പുചെയ്യുന്നത്. കൂട്ടത്തില്‍ പറയട്ടെ, ഇതേ സോഫ്റ്റ്വെയറിനോടൊപ്പം ഹിന്ദി യൂണിക്കോഡ് കീമാപ്പിംഗ് ഉപയോഗിച്ചാല്‍ ഹിന്ദിയും, തമിഴ് കീമാപ്പിംഗ് ഉപയോഗിച്ചാല്‍ തമിഴും തുടങ്ങി ഇങ്ങനെ കീമാപ്പിംഗ് ലഭ്യമായ ഏതുഭാഷയും കീമാന്‍ ഉപയോഗിച്ച് ടൈപ്പുചെയ്യാം.

വരമൊഴിയില്‍ ടൈപ്പുചെയ്യുവാൻ പ്രാക്ടീസ് ആയിക്കഴിഞ്ഞാ‍ല്‍, തത്തുല്യമായ ഇംഗ്ലീഷ് ലിപികള്‍ കാണാതെതന്നെ നിങ്ങള്‍ക്ക് കീമാന്‍ ഉപയോഗിച്ച് നേരിട്ട് ബ്ലോഗറിന്റെ എഡിറ്റിംഗ് പേജിലേക്കോ, നിങ്ങളുടെ ഇ-മെയില്‍ പേജിലെക്കോ, ചാറ്റ് വിന്‍ഡോയിലെക്കോ  ഒക്കെ റ്റൈപ്പുചെയ്യാം. മേല്‍ പറഞ്ഞ രണ്ടു ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയറുകളിലും എഴുതുന്ന രീതിയും കീസ്ട്രോക്കുകളും ഒന്നുതന്നെയാണ്. ഇതേ കീ സ്ട്രോക്കുകള്‍ തന്നെ ഗൂഗിള്‍ transliteration ലും പ്രവര്‍ത്തിക്കും.


========================================
കുറിപ്പ്: വരമൊഴി, കീമാന്‍ എന്നിവ ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ എന്ന് മലയാളം എഴുതാനുള്ള രീതികള്‍ എന്ന പേരിലെ അധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്.
========================================


വരമൊഴിയില്‍ എഴുതാം:

വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, ഡെസ്ക് ടോപ്പില്‍ വരമൊഴി എഡിറ്ററുടെ ‘വ’ എന്നെഴുതിയ ഐക്കണ്‍ കാണാം. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ Start>All Programs>Varamozhi editor എന്ന ക്രമത്തില്‍ വിന്റോസ് സ്റ്റാര്‍ട്ട്‌ മെനുവില്‍ നിന്ന് ഇത് തുറക്കാം.

വരമൊഴി വിന്റോ തുറന്നുവരും. കറുപ്പു നിറത്തിൽ ബാക്ക്ഗ്രണ്ട് കളർ ഉള്ള ഒരു വിന്റോയും വെളുപ്പു നിറത്തിൽ ബാക്ഗ്രൌണ്ട് കളർ ഉള്ള ഒരു വിന്റോയും ആവും തുറക്കുന്നത്. ഇതിൽ കറുപ്പിനെ മിനിമൈസ് ചെയ്ത് വയ്ക്കുക. വെളുപ്പു നിറത്തിലുള്ള വിന്റോയിലാണ് നാം എഴുതുന്നത്. ഈ വിന്റോയ്ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. അതില്‍ ഇടതുവശത്ത് നിങ്ങള്‍ ഇംഗ്ലീഷ് ലിപിയില്‍ എഴുതുന്ന മലയാളം വാക്കുകള്‍ വലതുവശത്തെ വിന്റോയില്‍ മലയാളം ട്രാന്‍സ്‌ലിറ്റെറേഷനില്‍ കിട്ടും. എഴുതുവാൻ തുടങ്ങുന്നതിനു മുമ്പ് ഒരു കാര്യം ചെയ്യാനുണ്ട്. ഫോണ്ട് എന്ന മെനു തുറന്ന് അതിൽ നിന്നും അഞ്ജലി ഓൾഡ് ലിപി ഫോണ്ടിനു നേരെ ടിക് ചെയ്യണം. ഇനി മലയാളം എഴുതാൻ തുടങ്ങാം. ഇടതുവശത്ത് malayaaLam എന്നെഴുതിനോക്കൂ. വലതുവശത്ത് ‘മലയാളം’ എന്നു തെളീയുന്നതുകാണാം.











യൂണിക്കോഡിൽ മലയാളം വലതുവശത്തു തെളിയുമ്പോൾ വരികളുടെ വലത്തേയറ്റത്തെ ചില അക്ഷരങ്ങൾ കൂടിച്ചേരാതെ നിൽക്കുന്നതുപോലെ തോന്നിയേക്കാം. അത് വിന്റോയുടെ വലിപ്പച്ചെറുപ്പം കൊണ്ട് ഉണ്ടാകുന്നതാണ്. നിങ്ങൾ ടൈപ്പു ചെയ്ത മാറ്റർ ബ്ലോഗിലേക്കോ മെയിലിലേക്കോ കോപ്പി പേസ്റ്റ് ചെയ്തുകഴിയുമ്പോൾ ടെക്സ്റ്റ് കൃത്യമായി തന്നെ വന്നുകൊള്ളും.



യൂണീക്കോഡ് ഫോണ്ടീൽ അല്ലാതെ Matweb എന്ന ഫോണ്ടിലും നിങ്ങൾക്ക് വേണമെങ്കിൽ ടൈപ്പ് ചെയ്യാം. ഈ ഫോണ്ട് ആണ് ഫോണ്ട് മെനുവില്‍ സെലക്ട് ചെയ്തിരിക്കുന്നതെങ്കില്‍, മാറ്റര്‍ ടൈപ്പുചെയ്തുകഴിഞ്ഞ് കോപ്പി ചെയ്യുന്നതിനു മുമ്പായി Fileമെനുവിൽ പോയി Export to Unicode എന്ന ലിങ്കിൽ ക്ലിക്ക് ചെയുക. അപ്പോൾ പുതിയ ഒരു വിന്റോ തുറന്ന് നിങ്ങൾ ടൈപ്പുചെയ്ത മാറ്റർ യൂണിക്കോഡ് ഫോണ്ടിലേക്ക് മാറ്റി ലഭിക്കും. അവിടെനിന്ന് ബ്ലോഗിലേക്കോ മെയിലിലേക്കോ കോപ്പി / പേസ്റ്റ് ചെയ്യാം.




വരമൊഴി ലിപി രൂപങ്ങളും കീസ്ട്രോക്കുകളും:

വരമൊഴി ലിപികളുടെ പൂര്‍ണ്ണ രൂപം ഈ ബ്ലോഗിലെ വരമൊഴി ലിപിമാല എന്ന അദ്ധ്യായത്തിലുണ്ട്. അല്ലെങ്കിൽ വരമൊഴി വിന്റൊയുടെ ഹെല്‍‌പ് മെനുവില്‍ നോക്കുക. (Link ഇവിടെ കിക്ക് ചെയ്യുക) മറ്റൊരു സൌകര്യം ഉള്ളത്, മലയാളത്തിനിടയില്‍ ഒരു ഇംഗ്ലീഷ് വാക്ക് ടൈപ്പുചെയ്യണം എന്നിരിക്കട്ടെ. രണ്ടു ഡബിള്‍ ബ്രായ്ക്കറ്റുകള്‍ക്കിടയി നിങ്ങൾക്ക് വേണ്ട ഇംഗ്ലീഷ് വാക്ക് എഴുതിയാൽ വലതുവശത്തെ വിന്റോയിലും ഇംഗ്ലീഷിലായിരിക്കും ആ വാക്ക് പ്രത്യക്ഷപ്പെടുക. ഉദാഹരണം {Apple} എന്നെഴുതിയാൽ വലതുവശത്തെ വിന്റോയിൽ Apple എന്ന് ഇംഗ്ലീഷ് ലിപികളിൽ ലഭിക്കും.


ട്രാന്‍സ്‌ലിറ്റെറേഷനില്‍ ഉപകാരപ്പെട്ടേക്കാവുന്ന ചില സൂചനകള്‍:
ട്രാന്‍സ്‌ലിറ്ററേഷന്‍ രീതിയില്‍ ഒരു അക്ഷരം നാം ടൈപ്പുചെയ്യുമ്പോള്‍ അതിന്റെ “മാത്ര” മാത്രമേ സ്ക്രീനില്‍ തെളിയൂ. അതിനുശേഷം സ്വരം കൂടി ചേര്‍ത്തെങ്കില്‍ മാത്രമേ അക്ഷരം പൂര്‍ണ്ണമാകൂ. ഉദാഹരണം, k എന്നു ടൈപ്പുചെയ്താല്‍ "ക് " എന്നുമാത്രമേ തെളിയൂ. അതിനെ ക എന്നാക്കുവാന്‍ ka എന്നും, കി എന്നാക്കുവാന്‍ ki എന്നും, കെ എന്നെഴുതുവാന്‍ ke എന്നും, "കു" എന്നെഴുതുവാന്‍ ku എന്നും അതാതു സ്വരാക്ഷരം കൂടി അതോടൊപ്പം എഴുതണം.


ഇംഗ്ലീഷിലെ സ്വരാക്ഷരങ്ങള്‍ a = അ e = എ i = ഇ o = ഒ u= ഉ
എന്നിവയാണെന്ന് അറിയാമല്ലോ.

സ്വരങ്ങളുടെ ദീര്‍ഘാക്ഷരങ്ങള്‍ കിട്ടുവാന്‍ അവയുടെ വലിയ അക്ഷരങ്ങള്‍ ഉപയോഗിച്ചാല്‍ മതിയാകും.

അതായത് A = ആ E = ഏ I = ഐ O = ഓ U = ഊ

ഒരു വ്യഞ്ജനാക്ഷരത്തോടൊപ്പമാണ് ദീര്‍ഘസ്വരങ്ങള്‍ വേണ്ടതെങ്കില്‍ വ്യഞ്ജനത്തിനു ശേഷം സ്വരാക്ഷരം രണ്ടുതവണ ടൈപ്പുചെയ്താലും മതി. അല്ലെങ്കില്‍ ഇംഗ്ലീഷ് ക്യാപിറ്റല്‍ ലെറ്ററിൽ സ്വരാക്ഷരം ഒരുതവണ ടൈപ്പുചെയ്താലും മതി

ഉദാഹരണം: kAkka, kaakka ഇതുരണ്ടും കാക്ക എന്ന വാക്കായിത്തന്നെ ട്രാന്‍സ്‌ലിറ്ററേഷനില്‍ കിട്ടും.
==================

വരമൊഴി എഡിറ്ററില്‍ ra=ര യും, rra=റ യും R = ഋ ഉം ആണ്.
അതിനാല്‍ kRshi = കൃഷി; karra = കറ;

കീമാനില്‍ ഋ ലഭിക്കുവാന്‍ r^ എന്നുവേണം. prakr^thi = പ്രകൃതി kr^shNan = കൃഷ്ണൻ


==================

ഐ എന്ന അക്ഷരം കിട്ടുവാന്‍ ai എന്നാണു ചേര്‍ക്കേണ്ടത്.

ഉദാ: ഐരാവതം =airaavatham കൈത = kaitha പൈലി = paili


==================

ഔ എന്ന അക്ഷരം au എന്ന അക്ഷരങ്ങള്‍ ഉപയോഗിച്ചാല്‍ കിട്ടും.

kauthukam = കൌതുകം. paurnami = പൌര്‍ണ്ണമി.
ഒരു കാര്യം ശ്രദ്ധിക്കുക. ഇവിടെ അക്ഷരങ്ങൾക്ക് ഇടതുവശത്തുകാണുന്ന പുള്ളി, വരമൊഴി ഉപയോഗിച്ച് എഴുതുമ്പോൾ ഇല്ല. കൗതുകം, സൗന്ദര്യം, പൗർണ്ണമി


==================

അം എന്ന് ഒരു അക്ഷരത്തിന്റെ അവസാനം കിട്ടുന്നതിന് ആ അക്ഷരത്തിനുശേഷം am ചേര്‍ത്താല്‍ മതി.

പാലം = paalam കുടുംബം = kuTumbam

=================

ചില്ലക്ഷരങ്ങള്‍:

മലയാളത്തിലെ ചില്ലക്ഷരങ്ങളെ യൂണിക്കോഡില്‍ എവിടെ പ്രതിഷ്ഠിക്കണം എന്ന കാര്യത്തില്‍ യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തില്‍ ഒരു തീരുമാനം ഉണ്ടാവാതെ കിടക്കുകയായിരുന്നു ഈ അടുത്ത കാലംവരെ. ഒരു സ്വരാക്ഷരത്തിന്റെ സഹായമില്ലാതെതന്നെ സ്വതന്ത്ര നിലനില്‍പ്പുള്ള അക്ഷരങ്ങളാണല്ലോ ചില്ലുകള്‍. (ലോകഭാഷകളില്‍ മലയാളത്തില്‍ മാത്രമെ ഇങ്ങനെ ഒരു വിഭാഗം അക്ഷരങ്ങള്‍ ഉള്ളു !!) അവയുടെ കോഡിംഗ് ഇതുവരെ എല്ലാ യൂണിക്കോഡ് ഫോണ്ടുകളിലും ഒരുപോലെ ആയിട്ടീല്ല. എങ്കിലും സാധാരണ കാണുന്ന രീതി കീമാനില്‍ താഴെപ്പറയും വണ്ണമാ‍ണ്.

ചില്ലക്ഷരങ്ങള്‍: ന്‍ = n, ണ്‍ = N, ല്‍ = l, ള്‍ = L, ര്‍= r

ഇവയ്ക്കുശേഷം a,e,i,o,u ചേര്‍ത്താല്‍ ഈ ചില്ലിന്റെ പൂര്‍ണ്ണ അക്ഷരം കിട്ടും.

ഉദാ: na = ന, Na = ണ, La = ള
ചില്ലക്ഷരങ്ങള്‍ക്കു ശേഷം ~ (tidle sign) ചേര്‍ത്താല്‍ ചന്ദ്രക്കലയോടുകൂടിയ അക്ഷരം കിട്ടും. ചന്ദ്രക്കലയില്‍ അവസാനിക്കുന്ന ഒരു വാക്കിന്റെ പിന്നാലെ  ഒരു backspace ചെയ്താലും ചില്ല് ലഭിക്കുന്നതാണ്.

ഉദാ : കുട്ടന് = kuttan~ അവന് = avan~
അല്ലെങ്കില്‍ കുട്ടന് എന്ന output കിട്ടിയതിനു ശേഷം ഒരു സ്പേസ് back ചെയ്യുക.
=====================

ക, ഖ, ഗ, ഘ, ങ = ka, kha, ga, gha, nga
ച, ഛ, ജ, ഝ, ഞ = cha, chha, ja, jha, nja
ട, ഠ, ഡ, ഢ, ണ = Ta, Tha, Da, Dha, Na
ത, ഥ, ദ, ധ, ന = tha, thha, da, dha, na
പ, ഫ, ബ, ഭ, മ = pa, fa, ba, bha, ma
യ, ര, ല, വ = ya, ra, la, va
ശ, ഷ, സ, ഹ = Sa, sha, sa, ha
ള, ഴ, റ = La, zha, Ra

====================

കൂ‍ട്ടക്ഷരങ്ങള്‍ ഒക്കെയും മേല്‍പ്പറഞ്ഞ അക്ഷരങ്ങളുടെ കോംബിനേഷനുകളാണ്. അഞ്ജലി ഓൾഡ് ലിപി യൂണിക്കോഡ് ഫോണ്ടുകളുടെ ഒരു സവിശേഷത, ഈ കൂട്ടക്ഷരങ്ങള്‍ എല്ലാം, പ്രിന്റ് മീഡിയയില്‍ നിന്നു വ്യത്യസ്തമായി, പഴയ എഴുത്തുലിപിയില്‍ത്തന്നെ കമ്പ്യൂട്ടര്‍ കാണിക്കും എന്നുള്ളതാണ്. പ്രിന്റില്‍ മിക്കവാറും കൂട്ടക്ഷരങ്ങള്‍ക്കിടയില്‍ ചന്ദ്രക്കല (്) കാണാറുണ്ടല്ലോ. മലയാളം ടൈപ്പ് റൈറ്ററാണെങ്കില്‍ ചന്ദ്രക്കലയുടെ ഒരു ഘോഷയാത്രതന്നെയാണല്ലോ- കച്‌ചിത്‌തുരു‌മ്‌പ് എന്ന മാതിരി! ഇവിടെ ആ പ്രശ്നം ഇല്ല.

ഒരു കീ കൊണ്ടു ലഭിക്കുന്ന ചില കൂട്ടക്ഷരങ്ങളും ഉണ്ട്

ഉദാ: ച്ച് = C ക്ക് = K റ്റ് = t
കൂടുതല്‍ ഉദാഹരണങ്ങള്‍ സ്വയം കണ്ടെത്തൂ.

======================

ട്രാന്‍സ്‌ലിറ്റെറേഷനില്‍ തൊട്ടടുത്തുവരുന്ന ഇംഗ്ലീഷ് അക്ഷരമേത് എന്നുനോക്കിയാണല്ലോ മലയാളം ലിപികള്‍ മാറിമാറി വരുന്നത്. ചില അവസരങ്ങളില്‍ ഇങ്ങനെ തൊട്ടടുത്തുകാണുന്ന അക്ഷരവുമായി അതിനും മുമ്പുള്ള അക്ഷരം ചേരേണ്ട ആവശ്യം ഇല്ലായിരിക്കാം. അപ്പോള്‍ ആ രണ്ട് അക്ഷരങ്ങള്‍ക്കിടയില്‍ Underscore _ ടൈപ്പുചെയ്താല്‍ മതി.

ഉദാ: nal_varam = നല്‍‌വരം underscore ഇട്ടില്ലെങ്കില്‍ 'നല്വരം' എന്നായിപ്പോകും.

ചില്ലക്ഷരങ്ങള്‍ വാക്കുകളുടെ ഇടയില്‍ വരുന്ന വാക്കുകളിലാണ് ഇത് കൂടുതലും ഉപയോഗിക്കേണ്ടിവരുക.

വേറൊരു ഉദാഹരണം: പൊന്‍‌കണി = pon_kaNi ; ponkani എന്നെഴുതിയാല്‍ ‘പൊങ്കണി’ എന്നേ കിട്ടൂ.

kilukkaampetti = കിലുക്കാമ്പെട്ടി kilukkaam_petti = കിലുക്കാം‌പെട്ടി
empeethri =എമ്പീത്രീ em_pee_thri = എം‌‌പീ‌ത്രി

======================

ദുഃഖം മുതലായ വാക്കുകളിലെ നിശബ്ദമായ ‘ഹ’ (വിസര്‍ഗ്ഗം) എഴുതുവാന്‍ H ആ അക്ഷരത്തിനുശേഷം ചേര്‍ക്കുക.

ഉദാ: ദുഃഖം = duHkham


വരമൊഴി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വരമൊഴി ഉപയോഗിക്കുമ്പോൾ, ഫോണ്ട് മെനുവിൽ അഞ്ജലി ഓൾഡ് ലിപി ഫോണ്ട് തന്നെ സെലക്റ്റ് ചെയ്താൽ മാത്രമേ വലതുവശത്തുകിട്ടുന്ന വിന്റോയിൽ ലഭിക്കുന്ന മലയാളം ടെക്സ്റ്റ്, യൂണിക്കോഡ് മലയാളം ഫോണ്ടായി ലഭിക്കുകയുള്ളൂ. മറ്റേതു ഫോണ്ട് സെലക്റ്റ് ചെയ്താലും വലതുവശത്ത് മലയാളമായി കാണുന്നുണ്ടെങ്കിലും അത് യൂണിക്കോഡിൽ അല്ല. അതുകൊണ്ട് അവിടെ നിന്ന് കോപ്പി ചെയ്ത് മറ്റൊരു ആപ്ലിക്കേഷനിലേക്കോ, വെബ് പേജിലേക്കോ പേസ്റ്റ് ചെയ്യുമ്പോൾ ഇംഗ്ലീഷ് ക്യാരക്റ്ററുകളായിരിക്കും ലഭിക്കുക. ഇത് ഒഴിവാക്കാനായി രണ്ടു കാര്യങ്ങൾ ചെയ്യാം.

1. ഒന്നുകിൽ മലയാളം ടൈപ്പ് ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ് വരമൊഴി ഫോണ്ട് മെനുവിൽ അജ്ഞലി ഓൾഡ് ലിപി ഫോണ്ട് സെലക്റ്റ് ചെയ്യുക. ഇപ്പോൾ കിട്ടുന്ന മലയാളം ഔട്ട്പുട്ട് എങ്ങോട്ട് കോപ്പി പേസ്റ്റ് ചെയ്താലും മലയാളമായി തന്നെ കാണും.

2. മറ്റേതെങ്കിലും ഫോണ്ട് ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്തതെങ്കിൽ, എല്ലാം ടൈപ്പു ചെയ്തുകഴിഞ്ഞ്, വരമൊഴി ഫയൽ മെനുവിലെ Export to unicode എന്ന മെനു ഐറ്റം സെലക്റ്റ് ചെയ്യുക. ഇപ്പോൾ മറ്റൊരു വിന്റോ തുറന്നുവന്നിട്ട് അതിൽ താങ്കൾ എഴുതിയ ടെക്സ്റ്റ് ലഭിക്കും. ഇത് യൂണിക്കോഡിൽ ആയിരിക്കും. അവിടെ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുക.
(export to unicode കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. )

അതുപോലെ, പുതിയ വേര്‍ഷന്‍ വരമൊഴിയിലും, അഞ്ജലി ഓള്‍ഡ് ലിപിയല്ലാതെ Matweb ഫോണ്ടാണ് സെലക്ട് ചെയ്തിരിക്കുന്നതെങ്കില്‍ ഇതേ Export to unicode എന്ന സ്റ്റെപ്പ് ചെയ്യണം.



കീമാന്‍ ഉപയോഗിക്കുന്ന വിധം:

കീമാന്‍ ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞു എന്നതിനു തെളിവായി‍, വിന്റോസ് സ്റ്റാറ്റസ് ബാറില്‍ വലത്തെയരികിലായി, സമയം കാണിക്കുന്നതിന്റെ പരിസരത്ത് ഒരു ഡയമന്‍ഡിനുള്ളില്‍ K എന്ന അക്ഷരം കാണാം. അതില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു മെനു കിട്ടും. അതില്‍ മലയാളത്തില്‍ “ക” എന്നെഴുതിയിരിക്കുന്ന മെനു ഐറ്റം സെലക്ട് ചെയ്യൂ. അപ്പോള്‍ ഡയമണ്ടിനുള്ളില്‍ മലയാളം “ക“ എന്നെഴുതിയിരിക്കുന്നത് കാണാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇത്രയും കാര്യങ്ങള്‍ കൊടുത്തിട്ടുണ്ട്.














ഇപ്പോള്‍ നിങ്ങള്‍ മംഗ്ലീഷില്‍ എന്തെഴുതിയാലും അത് തനിയെ മലയാളമായി മാറിക്കൊള്ളും! എന്തേ ഒന്നെഴുതി നോക്കാന്‍ കൊതിയായോ? ഒന്നു പരീക്ഷിച്ചു നോക്കാം. താഴെക്കൊടുത്തിരിക്കുന്ന കള്ളിയ്ക്കുള്ളില്‍ മൌസ് എടുത്ത് ഒന്നു ക്ലിക്ക് ചെയ്തിട്ട് ayyO kaakkE patichchO അല്ലെങ്കില്‍ aYO kAKE patiCO എന്ന് ഒന്നെഴുതി നോക്കു.





കീമാന്‍ ഒരു ഓഫ് ലൈന്‍ പ്രോഗ്രാമാണ്. അതായത്, അതുപയോഗിച്ച് ടൈപ്പുചെയ്യുവാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം എന്നില്ല. കീമാന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ബ്ലോഗിലും, ജി.മെയിലിലും, ഗൂഗിള്‍ സേര്‍ച്ചിലും, ഒക്കെ നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഓഫ് ലൈനില്‍ എന്തെങ്കിലും എഴുതിവയ്ക്കണമെങ്കില്‍, വിന്റോസിലെ വേഡ് പാഡില്‍ മലയാളത്തില്‍ ടൈപ്പുചെയ്യാം. അതുപോലെ മൈക്രോസോഫ്റ്റ് വേഡിലും പുതിയ വേര്‍ഷന്‍ കീമാൻ ഉപയോഗിച്ച് നേരിട്ടു എഴുതാവുന്നതാണ്. മൈക്രോസോഫ്റ്റ് വേഡിന്റെ ചില വേർഷനുകളിൽ ചില്ലക്ഷരങ്ങൾ ശരിയായി ലഭിക്കുകയില്ല. വേഡ് പാഡിൽ ഈ പ്രശ്നമില്ല.


വേഡ്‌പാഡ് സ്റ്റാര്‍ട്ട് ചെയ്യുവാന്‍: Start >> All programmes >> Accessories >> Wordpad


വേഡ് പാഡ് / വേഡ് എന്നിവ തുറന്നാലുടന്‍ ഫോണ്ട്സ് ലിസ്റ്റില്‍ അഞ്ജലി ഓള്‍ഡ് ലിപി, അല്ലെങ്കില്‍ മറ്റേതെങ്കിലും മലയാളം യുണിക്കോഡ് ഫോണ്ട്, സെലക്ടുചെയ്തിട്ടുവേണം  കീ മാന്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുവാന്‍ തുടങ്ങാന്‍. അതുപോലെ ജി.മെയിലില്‍, ജി.ചാറ്റില്‍, ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനില്‍, ബ്ലോഗുകളില്‍, മലയാളം വിക്കിപീഡിയ എഡിറ്റിംഗ് പേജില്‍ ഒക്കെ മലയാളം ലിപിയില്‍ കീമാന്‍ ഉപയോഗിച്ച് നേരിട്ട് ടൈപ്പുചെയ്യാം. കീമാന്‍ ഉപയോഗിച്ചു ടൈപ്പ് ചെയ്യുമ്പോള്‍ വരമൊഴിയിലെ പ്പോലെ ഇംഗ്ലീഷ് കീ സ്ട്രോക്കുകള്‍ കാണാന്‍ സാധിക്കില്ല. നേരെ മലയാളമാവും കിട്ടുക. നിങ്ങള്‍ക്ക് ഇംഗ്ലീഷ് എഴുത്തിലേക്ക് തിരികെ പോകേണ്ടിവരുമ്പോള്‍ ഡയമണ്ട് വീണ്ടും പ്രസ് ചെയ്ത്, ഇംഗ്ലീഷ് K (No Keyman keyboard) സെലക്ട് ചെയ്യുവാന്‍ മറക്കരുത്.


കീമാനില്‍ ടൈപ്പുചെയ്യുമ്പോള്‍ നമ്മള്‍ എഴുതുന്ന ഇംഗ്ലീഷ് കീ സ്ട്രോക്കുകള്‍ കാണുവാന്‍ സാധിക്കില്ലല്ലോ. അതിനാല്‍ ആദ്യം Trial & error method ല്‍ മംഗ്ലീഷില്‍ ടൈപ്പുചെയ്തുനോക്കുകയാണ് നല്ലത്. തെറ്റുന്നെങ്കില്‍ തെറ്റട്ടെ. പലവാചകങ്ങള്‍ ടൈപ്പുചെയ്തുനോക്കുക. ക്രമേണ ശരിയായി എല്ലാ അക്ഷരങ്ങളും കിട്ടും. പ്രാക്ടീസിലൂടെ വളരെ വേഗം പഠിക്കാവുന്നതേയൂള്ളൂ ഇത്.


============================
ഈ പേജില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഡൌണ്‍ലോഡുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍, ഈ വരമൊഴി വിക്കിയില്‍ നിന്നും വേണ്ട സഹായം കിട്ടും. അല്ലെങ്കില്‍ ഇവിടെ കമന്റായി ചോദിക്കൂ.
===========================

3. ഗൂഗിള്‍ ട്രാന്‍സ്‌ലിറ്റെറേഷന്‍

മൂന്നാ‍മതായി നമ്മള്‍ പരിചയപ്പെടുന്ന ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയറാണ് ഗൂഗിളിന്റെ ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയര്‍. ഇതുപയോഗിച്ച് അനവധി ഭാഷകളിൽ ട്രാന്‍സ്‌ലിറ്റെറേഷന്‍ ചെയ്യാം. മലയാളം ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളും അതിൽ ഉൾപ്പെടുന്നു. ഓണ്‍ലൈനില്‍ മാത്രമേ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കൂ (ഇതിന്റെ ഓഫ് ലൈൻ ഇൻപുട്ട് മെതേഡും നിലവിലുണ്ട്. അതേപ്പറ്റി ഇവിടെ പഠിക്കാം).  

ഇതേ സാങ്കേതിക വിദ്യ ഈയിടെ ജി.മെയിൽ, ബ്ലോഗർ, Orkut എന്നിവയിൽ ഗൂഗിൾ ബിൽറ്റ്-ഇൻ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇവ ഉപയോഗിക്കുമ്പോൾ മലയാളത്തിൽ എഴുതുന്നതിനായി മറ്റൊരു സോഫ്റ്റ്വെയർ ഉപയോഗിക്കണമെന്നില്ല. ഇതു കൂടാതെ ഫയർ ഫോക്സ് മോസില്ല്ല വെബ് ബ്രൌസറിൽ ചേർക്കുവാനുള്ള ഒരു ആഡ്-ഓൺ ആ‍യിട്ടും,   ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ ലഭ്യമാണ്.

ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ച് മലയാളത്തിൽ ടൈപ്പു ചെയ്യ്താൽ മാത്രം മതിയെങ്കിൽ അതിനായി ഒരു എഡിറ്റ് പേജ് ഓൺ‌ലൈനിൽ ലഭ്യമാണ്. ഇതിന്റെ ലിങ്ക് ഇവിടെ . ഇവിടെ ടൈപ്പ് ചെയ്തതിനു ശേഷം ആ ടെക്സ്റ്റിനെ നമുക്ക് കോപ്പിചെയ്തെടുക്കാവുന്നതാണ്. ഇതേ പേജിൽ തന്നെ തമിഴ്, ഹിന്ദി, കന്നട തുടങ്ങീയ ഭാഷകളിലും ടൈപ്പ് ചെയ്യാം.

നിങ്ങള്‍ ഒരു നെറ്റ് കഫേയില്‍നിന്ന് ഇന്റര്‍നെറ്റ് പേജുകള്‍ നോക്കുമ്പോഴോ, അല്ലെങ്കില്‍ മുകളില്‍പ്പറഞ്ഞ സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുമ്പോഴോ ഒക്കെ ഈ ഓണ്‍ലൈന്‍ വെബ് പേജ് വളരെ പ്രയോജനകരമാണ്.


പേജ് തുറന്നാലുടൻ, അതിന്റെ ഇടതേ അറ്റത്തുള്ള ലിസ്റ്റിൽ നിന്ന് മലയാളം സെലക്റ്റ് ചെയ്തിട്ടുവേണം ടൈപ്പ് ചെയ്തു തുടങ്ങുവാൻ.

മുകളില്‍ പറഞ്ഞ വരമൊഴി, കീമാൻ എന്നീ പ്രോഗ്രാമുകളെ അപേക്ഷിച്ച് ഒരു വ്യത്യാസം ഇതിനുള്ളത് എന്തെന്നാല്‍ ഇവിടെ ഒരു വാക്കിന്റെ ഉച്ചാരണത്തെയാണ് ഗൂഗിള്‍ ട്രാൻസ്‌ലിറ്ററേഷൻ കണക്കിലെടുക്കുക എന്നതാ‍ണ്. വരമൊഴിയിലും കീമാനിലും നമുക്ക് ഓരോ അക്ഷരങ്ങളായിട്ടാണ് മലയാളം ലഭിക്കുക. ഇവിടെ ഒരു മംഗ്ലീഷ് വാക്ക് മൊത്തമായും ടൈപ്പുചെയ്ത് സ്പേസ് ബാര്‍ അമര്‍ത്തുമ്പോൾ അതിന്റെ ഉച്ചാരണത്തിനു അനുസരണമായ ഒരു വാക്കാണ് നിങ്ങള്‍ക്ക് മലയാളത്തിൽ ലഭിക്കുന്നത്.

ഈ രീതികൊണ്ട് ഒരേ സമയം മെച്ചവും ദോഷവും ഉണ്ട്. ചില ഉദാഹരങ്ങള്‍ നോക്കൂ. ഗൂഗിള്‍ transliteration ഒരു വാക്കിനെ മുഴുവനായി കണക്കിലെടുത്താണ് മൊഴി മാറ്റുന്നത് എന്ന് പറഞ്ഞുവല്ലോ. അതുകൊണ്ട് കൃത്യമായ മലയാളം അക്ഷര തെറ്റില്ലാതെ ഇപ്പോഴും ലഭിക്കണം എന്നില്ല. വാക്കിന്റെ സന്ദര്‍ഭം ഗൂഗിള്‍ ഊഹിച്ചെടുക്കുകയാണ് ചെയ്യുന്നത്.

പലപ്പോഴും ചെറിയക്ഷരം ദീര്‍ഘസ്വരങ്ങള്‍ക്ക് രണ്ടക്ഷരം ഇങ്ങനെ കിറുകൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ കൂടി ശരിയായ വാക്ക് ഗൂഗിളില്‍ കിട്ടും. എന്നാല്‍ കീമാന് ഉപയോഗിക്കുമ്പോഴും, വരമൊഴി എഡിറ്റര്‍ ഉപയോഗിക്കുമ്പോഴും, ഓരോ മലയാള അക്ഷരങ്ങള്‍ക്കും വേണ്ടി കൃത്യമായി നിര്‍വ്വചിച്ചിരിക്കുന്ന കീകള്‍ തന്നെ അമര്‍ത്തിയാലേ, അതാത് അക്ഷരങ്ങള്‍ ലഭിക്കുകയുള്ളൂ. നാം എഴുതാന്‍ ഉദ്ദേശിക്കുന്ന വാക്കുതന്നെ കൃത്യമായി എഴുതാന്‍ സാധിക്കുന്നു.  അതിനാല്‍ അക്ഷരത്തെറ്റുകള്‍ ഒട്ടും തന്നെ വരുത്താതെ ടൈപ്പ് ചെയ്യാന്‍ കീമാന്‍ / വരമൊഴി രീതികള്‍ ആണ് നല്ലത്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇംഗ്ലീഷ് typewriting ,  കീബോര്‍ഡ് നോക്കാതെ അനായാസം ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് മലയാളം അനായാസം എഴുതുവാന്‍ കൂടുതല്‍ എളുപ്പം കീമാന്‍ വരമൊഴി രീതി ആയിരിക്കും.  നല്ല വേഗതയില്‍ എഴുതുകയും ആവാം. ഇത് അറിയാന്‍ പാടില്ലാത്തവര്‍ക്കും, കീബോര്‍ഡ് നോക്കി മാത്രം ടൈപ് ചെയ്യാന്‍ ശീലമായവര്‍ക്കും ഗൂഗിള്‍ രീതിയാവും അനുയോജ്യം. 


ഗൂഗിള്‍ ട്രാൻസ്‌ലിറ്ററേഷനിൽ  ടൈപ്പ് ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ  നാം ഉദ്ദേശിച്ച വാക്കാവില്ല ഔട്പുട്ട് ആയി കിട്ടുന്നത്. അപ്പോള്‍, മൌസ് എടുത്ത് കിട്ടിയ വാക്കില്‍ ഒരു പ്രാവശ്യം ക്ലിക്കുചെയ്യുക. ആ കീ സ്ട്രോക്കുകള്‍ ഉപയോഗിച്ച് ലഭിക്കാവുന്ന വാക്കുകളുടെ ഒരു ലിസ്റ്റ് ഉടന്‍ ഗൂഗിള്‍ കാണിക്കും. അതില്‍ നിങ്ങള്‍ ഉദ്ദേശിച്ച വാക്കുണ്ടെങ്കില്‍ അവിടെനിന്ന് സെലക്ട് ചെയ്യാം. ഇല്ലെങ്കില്‍ എഡിറ്റ് എന്നു സെലക്റ്റ് ചെയ്ത് ഓരോ അക്ഷരമായി ഗൂഗിളിനെ പഠിപ്പിക്കാം.  ഇങ്ങനെയൊക്കെ ആണെങ്കിലും ഗൂഗിള്‍ ട്രാൻസ്ലിറ്ററേഷൻ ഉപയോഗിച്ച് മലയാളത്തില്‍ കൃത്യമായി എഴുതാനാവാത്ത വാകുകളും ഉണ്ട്. ഉദാഹരണമായി,  "ട്രാൻസ്ലിറ്ററേഷൻ"  എന്ന് എഴുതാന്‍ ശ്രമിച്ചു നോക്കൂ! സാധ്യമല്ല തന്നെ (ഇത് വരമൊഴി ഉപയോഗിച്ച് എഴുതിയതാണ്)

കീമാനുമായി ഉള്ള ഒരു വ്യത്യാസം ഷ, ശ എന്നീ അക്ഷരങ്ങള്‍ക്കാണ്.  കീമാനില്‍ S ശ യും, s  യും ആണ്.  ഗൂഗിള്‍ transliteration ഇല്‍  sh, s എന്നിവ സാന്ദര്‍ഭികമായി വന്നുകൊള്ളും. ഒരുവാക്കിന്റെ തുടക്കത്തില്‍ വരുന്ന ശ എപ്പോഴും sh തന്നെയാണ്. കീമാന്റെ ബാക്കി എല്ലാ കീ സ്ട്രോക്കുകളും ഗൂഗിളിനും അതുപോലെ മനസ്സിലാകും.

Google transliteration ഉപയോഗിച്ച് ടൈപ്പുചെയ്യുന്നതിനിടെ ഇംഗ്ലീഷ് വാക്ക് നിലനിര്‍ത്താന്‍, Ctrl+g ഉപയോഗിക്കാം. വീണ്ടും Ctrl+g അടിച്ചാൽ, ട്രാൻസ്‌ലിറ്ററേഷനിലേക്ക് തിരികെയെത്താം.


4. EPIC Write:

ഈ അടുത്തയിടെ നിലവില്‍ വന്നതും, പ്രധാനമായും ഇന്ത്യന്‍ ഭാഷകളിലെ ഉപഭോക്താക്കളെ ഉദേശിച്ചു നിര്‍മിച്ചിട്ടുള്ളതുമായ ഒരു  അത്യുഗ്രന്‍ വെബ് ബ്രൌസര്‍ ആണ് എപിക്. അത് ഇതുവരെ download ചെയ്തിട്ടില്ലാതാത്തവര്‍ ഇവിടെ നിന്നും അത് ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. എപിക് ബ്രൌസറില്‍ ഇടതു വശത്തുള്ള ടൂള്‍ ബാര്‍ നോക്കൂ.  ഈ വെബ് ബ്രൌസരില്‍ write എന്നൊരു സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.  അതില്‍ ഗൂഗിള്‍ transliteration രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വേര്‍ഡ് പ്രോസസറും ഉണ്ട്.


വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ബ്ലോഗ്‌ പോസ്റ്റുകള്‍ ഉണ്ടാക്കുവാനും, അല്ലെങ്കില്‍ മലയാളത്തില്‍ ഉള്ള പേജുകള്‍ ഉണ്ടാക്കി എടുക്കുവാനും ഈ സംവിധാനം ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. എഴുതിയ കാര്യങ്ങള്‍ ഇവിടെ നിന്ന് എങ്ങോട്ട് വേണമെങ്കിലും കോപ്പി പേസ്റ്റ് ചെയ്യാം.  മലയാളത്തില്‍ എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് ഈ വേര്‍ഡ് പ്രോസസറിന്റെ വലതു മുകളിലായി പ്രത്യക്ഷപ്പെടുന്ന ഭാഷകളുടെ ലിസ്റ്റില്‍ നിന്നും മലയാളം സെലക്ട്‌ ചെയ്തിട്ട്  മംഗ്ലിഷിൽ എഴുതിക്കോളൂ. അനായാസമായി മലയാളം നിങ്ങള്‍ക്ക് വഴങ്ങുന്നത് കാണാം. ഇവിടെയും, എഴുതുന്ന ടെക്സ്റ്റ്‌ സേവ് ചെയ്തു വയ്ക്കുവാനുള്ള സംവിധാനം ഉണ്ട്.അതിനാല്‍ നിങ്ങള്‍ എഴുതുന്ന കാര്യങ്ങള്‍ പലപ്പോഴായി എഴുതുവാനും എഡിറ്റ്‌ ചെയ്യുവാനും സാധിക്കും. പക്ഷെ ഓര്‍ക്കുക, Epic write ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ആണ്. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കില്ല.

5. Mozilla Firefox Add-on:

മുകളില്‍ വിവരിച്ച അതെ സംവിധാനം (വേര്‍ഡ് പ്രോസസര്‍ ഇല്ല എന്ന് മാത്രം) മോസില്ലയില്‍ ഉപയോഗിക്കുവാനുള്ള ഒരു ആഡ് ഓണ്‍ ലഭ്യമാണ്. ഗൂഗിള്‍ indic transliteration add-on ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.



മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കാണുന്നതുപോലെ ഒരു സ്ക്രീന്‍ ലഭിക്കും. അവിടെയുള്ള add to firefox എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു പിന്നാലെ വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ മോസില്ലയിലെ Tools menu വിലും  Add-on എന്നൊരു ഓപ്ഷന്‍ ഉണ്ട് . ഇത് തുറന്നിട്ട്‌ google transliteration എന്ന് സേര്‍ച്ച്‌ ചെയ്‌താല്‍ ഇതിനു ആവശ്യമായ add-on ലഭിക്കും. ഒരിക്കല്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍,  മോസില്ലയില്‍  കമന്റു ബോക്സ്‌, ബ്ലോഗ്‌ പോസ്റ്റ്‌ എഡിറ്റിംഗ് പേജ് തുടങ്ങിയ ഭാഗങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഈ സംവിധാനം ഉപയോഗിച്ച് മലയാളം transliteration പ്രാപ്തമാക്കാം. താഴെ കാണുന്ന സ്ക്രീന്‍ ഷോട്ടില്‍ കാണുന്നതുപോലെ ഭാഷകളുടെ ഒരു ലിസ്റ്റ് ലഭിക്കും. അവിടെ നിന്ന് മലയാളം സെലക്റ്റ് ചെയ്തിട്ടു നേരെ ടൈപ്പ് ചെയ്യാം. മലയാളം ആവശ്യമില്ലത്തപ്പോള്‍ മലയാളം എന്ന് ടിക്ക് മാര്‍ക്ക് ചെയ്തിരിക്കുന്നത് മാറ്റുക.



മറ്റു ചില ഓണ്‍‌ലൈന്‍ മലയാളംടൈപ്പിംഗ് സോഫ്റ്റ്‌വെയറുകള്‍:

നിങ്ങള്‍ ഒരു നെറ്റ് കഫേയില്‍നിന്ന് ഇന്റര്‍നെറ്റ് പേജുകള്‍ നോക്കുമ്പോഴോ, അല്ലെങ്കില്‍ മുകളില്‍പ്പറഞ്ഞ സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുമ്പോഴോ ഒക്കെ താഴെപ്പറയുന്ന സോഫ്റ്റ്‌വെയറുകള്‍ പ്രയോജനപ്പെടും. ഓണ്‍ലൈനില്‍, പ്രത്യേകിച്ച് സെറ്റിംഗുകള്‍ ഒന്നും കമ്പ്യൂട്ടറില്‍ ചെയ്യാതെ ഇവ പ്രവര്‍ത്തിക്കും.

1. Quill Pad:

ഓണ്‍ ലൈന്‍ ട്രാന്‍സ്‌ലിറ്റെറേഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രോഗ്രാമാണ് ക്വില്‍‌പാഡ്. ലിങ്ക് ഇവിടെ.

2. മലയാളം ഓണ്‍‌ലൈന്‍:

മൊഴി സ്കീമില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ സോഫ്റ്റ്‌വെയര്‍. ലിങ്ക് ഇവിടെ.

3. ഇളമൊഴി:

മറ്റൊരു ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍. ലിങ്ക് ഇവിടെ.


4. വണ്‍ ഇന്ത്യ:

മറ്റൊരു ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍. ലിങ്ക് ഇവിടെ


=======================================
ASCII - Unicode കണ്‍വേര്‍ട്ടറുകള്‍
======================================

5. ശില്പ:

യൂണിക്കോഡ് മലയാളത്തിലല്ലാത്ത പത്രവാർത്തകളും മറ്റും (ഉദാഹരണം : മലയാള മനോരമ, ISM രീതിയില്‍ എഴുതിയ മലയാളം ടെക്സ്റ്റ്‌ തുടങ്ങിയവ)  ബ്ലോഗിലേക്ക് കോപ്പി ചെയ്തു പ്രസിദ്ധീകരിക്കാനായി യൂണിക്കോഡിലേക്ക് മാറ്റണം എന്നുണ്ടോ? അതിനു ഉപകാരപ്പെടുന്ന ഒരു സൈറ്റ്‌ ആണിത്. യൂണിക്കോഡില്‍ അല്ലാത്ത മലയാള പത്രങ്ങളിലെ ടെക്സ്റ്റ്‌   ഈ വിന്റോയിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് യൂണിക്കോഡിലാക്കി മാറ്റാം. ലിങ്ക് ഇവിടെ. 


6. അക്ഷരങ്ങ:


ISM ഫോണ്ടുകളിൽ നിന്ന് മലയാളം യൂണീക്കോഡ് ഫോണ്ടിലേക്ക് കൺ‌വേർട്ട് ചെയ്യൂവാനുള്ള ഓൺ ലൈൻ സോഫ്റ്റ്വെയർ അക്ഷരങ്ങൾ ഇവിടെ.


===================================
ട്രാന്‍സ്‌ലിറ്റെറേഷന്‍ അല്ലാതെ മലയാളം നേരിട്ട് ടൈപ്പു ചെയ്യുവാനുള്ള വഴികളൊന്നും ഇല്ലേ എന്നൊരു സംശയം ഉണ്ടായേക്കാം. അതിനുള്ള ഉത്തരം “ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡുകള്‍” എന്ന അദ്ധ്യായത്തില്‍ നിന്നു കിട്ടും.

75 അഭിപ്രായങ്ങള്‍:

  1. cibu cj 21 May 2008 10:45  

    ഇപ്പോഴാണ്‌ ഈ ബ്ലോഗ്‌ ശ്രദ്ധിച്ചത്‌. നന്നായി എഴുതിയിരിക്കുന്നു. ഈ ബ്ലോഗ്‌ വരമൊഴി വിക്കിയിൽ നിന്നും ലിങ്ക്‌ ചെയ്യുന്നുണ്ട്‌. അല്ലറ ചില്ലറ തിരുത്തുകൾ നിർദ്ദേശിക്കാനുണ്ട്‌:

    - avan~ എന്നത്‌ വരമൊഴിയിലും 'അവന്‌' എന്നുതന്നെയാണ്‌.
    - മൊഴി എന്ന ലിപിമാറ്റരീതിയാണ്‌ കീമാനിലും വരമൊഴിയിലും മറ്റും ഉപയോഗിക്കുന്നത്‌. അതിനെ പറ്റി കൂടുതലിവിടെ കാണാം: വരമൊഴി വിക്കി പേജ്‌
    - വരമൊഴിയുടെ ഡോക്ക്യുമന്റേഷൻ ഒരു വിക്കിയാണന്നേ ഉള്ളൂ; അത്‌ വിക്കിപ്പീഡിയ അല്ല.
    - വരമൊഴിയുടെ ഇപ്പോഴത്തെ വേർഷൻ 1.7.1 ആണ്‌; കീമാന്റേത്‌ 1.0.3 ആണ്‌.
    - വരമൊഴി എഡിറ്ററിൽ ഇപ്പോൾ യുണിക്കോഡിൽ നേരിട്ട്‌ ടൈപ്പ്‌ ചെയ്യാം.
    - ഇപ്പോഴത്തെ വരമൊഴിയിൽ rra = റ; R = ഋ എന്നിങ്ങനെ മാറ്റിയുട്ടുണ്ട്‌. kRshi = കൃഷി; parra = കറ; ^ ഇനിമുതൽ വേണ്ടന്നർത്ഥം.

    വരമൊഴി വിക്കിയിലെ ക്ലിഷ്ടതയുള്ള ഭാഗങ്ങൾ മാറ്റിയെഴുതാനും ആളുകൾക്ക്‌ എളുപ്പം മനസ്സിലാവുന്ന രീതിയിൽ മാറ്റിയെഴുതാനും കൂടാമോ? തീർച്ചയായും വരമൊഴി വിക്കിയുടേ ഉദ്ദേശവും ഈ ബ്ലോഗിന്റെ ഉദ്ദേശവും അൽപം വ്യത്യാസമുണ്ട്‌. അവിടേ കഴിയാവുന്നത്ര ചുരുക്കത്തിൽ കാര്യങ്ങൾ പറയാനാണ്‌ ശ്രമിക്കുന്നത്‌ - ഒരു ചെറിയ എൻസൈക്ലോപീഡിയ പോലെ.

  2. ആവനാഴി 1 June 2008 20:48  

    പ്രിയ അപ്പൂ,

    അവസരോചിതമായ ഈ ലേഖനം പുതുതായി ബ്ലോഗ്ഗു തുടങ്ങുന്നവര്‍ക്കു വളരെ പ്രയോജനപ്രദമായിരിക്കും.
    അഭിനന്ദനങ്ങള്‍!

    സസ്നേഹം
    ആവനാഴി

  3. kaithamullu : കൈതമുള്ള് 2 June 2008 16:47  

    അപ്പൂ,

    അത്ഭുതം തോന്നി.
    എത്ര സമയവും എന്തുമാത്രം അധ്വാനവും എടുത്തിരിക്കും?....

    സന്തോഷം!
    അഭിനന്ദനങ്ങളും!!

  4. അങ്കിള്‍ 2 June 2008 18:48  

    പുതിയ വരമൊഴിയില്‍ യൂണിക്കോട് നേരിട്ട് ടൈപ്പ്‌ ചെയ്യാമെന്ന്‌ സിബു കമന്റിയിരിക്കുന്നു. എങ്കില്‍, അതിനെപറ്റി കൂടുതല്‍ വിശദീകരണവും പ്രയോഗവും പോസ്റ്റില്‍ തന്നെ വേണ്ടിയിരിക്കുന്നു. നേരിട്ടെഴുതാമെങ്കില്‍ എന്തിനു മാറ്റ്വെബില്‍ എഴുതി യ്.റ്റി.എഫ് 8 ലോട്ട്‌ എക്സ്പോര്‍ട്ട്‌ ചെയ്യണം. അഞജലി സെലക്ട് ചെയ്താല്‍ മതിയെന്നാണോ ഉദ്ദേശിച്ചതെന്നറിയില്ല്. എന്റെ കം‌പ്യൂട്ടറില്‍ അഞ്ജലി സെലക്ട് ചെയ്തപ്പോള്‍ വരമൊഴി പിന്നെ പ്രവര്‍ത്തിക്കുന്നില്ല. അതു കൊണ്ടാണീ കമന്റ്.

  5. cibu cj 2 June 2008 19:20  

    വരമൊഴി ഹാങ്ങായപ്രശ്നം വല്ലപ്പോഴും ഉണ്ടാവുന്നതായി ഞാനും കണ്ടിട്ടുണ്ട്‌ എന്തുകൊണ്ടെന്നറിയില്ല. ഹാങ്ങ്‌ ചെയ്തതിനെ ക്ലോസ്‌ ചെയ്ത്‌ ഒന്നുകൂടി വരമൊഴിയെടുത്താൽ പ്രശ്നമുണ്ടാവേണ്ടതല്ല.

    അഞ്ജലി മാത്രമല്ല, ഏവൂരാൻ പുതുക്കിയ ഏറ്റവും പുതിയ രചന, മീര, രഘു തുടങ്ങിയവയൊക്കെയും പുതിയ ചില്ലുകൾ കാണിക്കും. ലിങ്കുകൾ വരമൊഴിയിൽ യുണീക്കോഡ്‌ ഫോണ്ടുകൾ ലിസ്റ്റ്‌ ചെയ്തിരിക്കുന്നിടത്തുണ്ട്‌.

  6. ഷിബു | SHIBU 2 June 2008 21:43  

    അങ്കിള്‍, പുതിയ വേര്‍ഷന്‍ വരമൊഴിയില്‍ (1.7.1) വലതുവശത്തെ വിന്റോയില്‍നിന്ന് യൂണിക്കോഡ് ടെക്‍സ്റ്റ് നേരിട്ട് കോപ്പി ചെയ്യാം എന്ന സിബു അറിയിക്കുന്നു. അതിനാല്‍ പോസ്റ്റിലെ ആ ഭാഗം മാറ്റി എഴുതി. പഴയ വേര്‍ഷന്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കായി യൂണിക്കോഡ് എക്സ്‌പോര്‍ട്ട് എന്ന ഭാഗം മറ്റൊരിടത്ത് ലിങ്കായി നല്‍കിയിട്ടുമുണ്ട്.

  7. അങ്കിള്‍ 3 June 2008 08:06  

    വരമൊഴിയില്‍ ഇടതുവശത്ത്‌ നാം തെരഞ്ഞെടുത്ത ലിപിയില്‍ മംഗ്ലിഷില്‍ എഴുതിയാല്‍ വലതുവശത്ത്‌ അതിന്റെ മലയാളം പ്രദര്‍ശിപ്പിക്കുന്നു. അതിന്റെ പിന്നിട് യൂണിക്കോടിലോട്ട്‌ എക്സ്പ്പോര്‍ട്ട് ചെയ്യുന്നു.

    എന്നാല്‍ പുതിയ വരമൊഴിയില്‍ യൂണിക്കോടില്‍ നേരിട്ടെഴുതാമെന്നാണ് സിബു കമന്റിയിരിക്കുന്നത്‌. അതായത്‌ അഞ്ജലി തെരഞ്ഞെടുത്ത്‌ ഇടതു വശത്ത്‌ മംഗ്ലീഷില്‍ എഴുതിയാല്‍ വലതു വശത്തു വരുന്നത്‌ യൂണിക്കോട് മലയാളമാണെന്നാണോ ഉദ്ദേശിച്ചത്‌.? അല്ലെങ്കില്‍ എങ്ങനെയാണ് നേരിട്ട്‌ യൂണിക്കോടില്‍ എഴുതുന്നത് എന്ന്‌ വിശദമാക്കണം. ഈ സംശയം തീര്‍ക്കണമെന്നായിരുന്നു ഞാനുദ്ദേശിച്ചത്‌.

    സംശയം അടിസ്ഥാന രഹിതമെങ്കില്‍ പൊറുക്കുക.

  8. cibu cj 3 June 2008 08:26  

    അതെ അതുതന്നെയാണുദ്ദേശിച്ചത്‌. അഞ്ജലി സെലക്റ്റ്‌ ചെയ്താൽ വലതുവശത്തുവരുന്നത്‌ യുണീക്കോഡ്‌ തന്നെ. ധൈര്യമായി കോപ്പി പേസ്റ്റ്‌ ചെയ്തോളൂ. ഹാങ്ങ്‌ ആവുന്ന പ്രശ്നം മാറിയോ?

  9. aBD 12 July 2008 11:46  

    വളരെ ഉപകാരം എനിക്‌ ഒരു Blog തുടങ്ങാൻ ഉളള പ്രചോധനം തന്നതിന്ന് വളരെ പെട്ടന്നു എന്റ്നെ ഒരു ബ്ലൊഗ്‌ പ്രതീക്ഷീകാം

  10. BOBAN 20 July 2008 11:37  

    ഞാൻ blog തുട്ങ്ങീ പ്കെഷ്‌ മലയാളം ശ്രിയാകുന്നി

  11. ഷിബു | SHIBU 20 July 2008 12:01  

    ബോബൻ, മലയാളം ശരിയാകുന്നില്ല എന്നെഴുതിയല്ലോ. എന്താണ് ശരിയാകത്തത്, എന്തു പിശകാണു കണ്ടത് എന്നു പറയൂ. അതേസമയം ബോബൻ എഴുതിയിരിക്കുന്ന മലയാളം എനിക്ക് നന്നായി വായിക്കാനും സാധിക്കുന്നുണ്ടല്ലോ!!

  12. vrajesh 1 August 2008 20:18  

    പ്രിയ സുഹൃത്തെ, എനിക്ക് ISM ഉപയോഗിച്ച് എങ്ങിനെ പോസ്റ്റ് ചെയ്യാന്‍ പറ്റും?പേസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല.

  13. cibu cj 1 August 2008 21:35  

    രജേഷേ, വരമൊഴിയിൽ ഓപ്ഷനിൽ പോയി മലയാളം വിൻഡോയിൽ എഴുതാൻ അൺലോക്ക്‌ ചെയ്യുക. അതിന്‌ ശേഷം ഫോണ്ട്‌ കാർത്തിക ആക്കുക. വലതുവശത്ത്‌ ism-ൽ മാറ്റർ ടൈപ്പ്‌ ചെയ്യുക. ഇനി ഫോണ്ട്‌ അഞ്ജലി ആക്കുക. അത്‌ യുണീക്കോഡ്‌ ആണ്‌. കോപ്പി ചെയ്ത്‌ ചൂടൊടെ വിളമ്പുക :)

  14. kulakkadakkalam 14 August 2008 23:25  

    varamozhiyil type cheytha malayalam, bloginulla application formil bloggerinte perayi kondu pokan enthu cheyyanum

  15. kulakkadakkalam 14 August 2008 23:38  

    കുളക്കടക്കാലം എന്ന പേർ ബ്ലൊഗിന്റെ അപേക്ഷാഫോമിൽ മലയാളത്തിൽ വരുതതാൻ എന്തു ചെയ്യണം

  16. ഷിബു | SHIBU 15 August 2008 10:04  

    sorry for typing in English.

    Blog URL (ningalude bloginte peru) malayalam aksharathil ezhuthaan saadhikkilla. It is not possible to write the blog url in malayalam fonts.

    'Oru blog thudangam' enna chapter onnu nokkuu. Please check the chapter in Adyakshari, named how to start a blog.
    `

  17. GECI 1 September 2008 13:34  

    വളെരെ പ്രയോജനകരമായി

  18. musthu 7 September 2008 14:45  

    സിബു,
    വളരെ ഉപകാര പ്രഥമായ ഒരു വിവരണം തന്നെ ഇവിടെ ഉണ്ടല്ലൊ ?
    ഞാനും ഒരു തുടക്കക്കാരനാണു, എന്റെ ഒരു സംശയം ഞാനിനിവ്ടെ ചൊതിക്കട്ടെ,
    ഞാൻ മലയാളത്തിൽ കീ മാൻ ഉപയൊഘിചു എഴുതുമ്പൊ ഷെർക്കും കൃത്യമായി വരുന്നില്ല അതിന്റെ കാരണം എന്താണു, വിശദമായി പരഞ്ഞു തരുമല്ല

  19. അപ്പു 7 September 2008 15:03  

    മുസ്തു,

    ഈ കമന്റ് വായിച്ചു ഞാന്‍ കുറേ ചിരിച്ചു (ക്ഷമീക്കുക). കളിയാക്കിയതല്ല കേട്ടോ. നിഷ്കളങ്കമായ ആ ചോദ്യം കേട്ടു ചിരിച്ചതാ. :-)

    നിങ്ങള്‍ നിങ്ങളുടേതായ രീതില്‍ മംഗ്ലീഷ് എഴുതിയാല്‍ കീമാന്‍ സ്വയം അതൂഹിച്ച് കൃത്യമായ മലയാളം എഴുതുകയില്ല. അങ്ങനെയുള്ള അത്ഭുതകഴിവൊന്നും ആ സോഫ്റ്റ്വെയറിന് ഇല്ല. ഓരോ അക്ഷരവും കിട്ടുന്നതിനു മുന്‍‌കൂട്ടി നിശ്ചയിച്ച കീ കള്‍ തന്നെ അമര്‍ത്തേണ്ടതുണ്ട്. നിങ്ങള്‍ ഒരു കാര്യം ചെയ്യൂ, വരമൊഴി ലിപിമാല എന്ന അദ്ധ്യായത്തില്‍ ഓരോ അക്ഷരവും കിട്ടാന്‍ ഏതു കീയാണു അമര്‍ത്തേണ്ടതെന്ന് എഴുതിയിട്ടുണ്ട്. അതില്‍ നോക്കി സംശയമുള്ള അക്ഷരങ്ങള്‍ തിരുത്തൂ..

  20. عاشق الحبيب 22 September 2008 20:42  

    ഞാൻ കീമാൻ സോഫ്റ്റ് വേർ ഉപയോഗിച്ചാണ് എഴുതുന്നത്. അല്പം സൂക്ഷിച്ചാൽ വളരെ കൃത്യമായി തന്നെ എഴുതാൻ കഴിയും….
    ഏറ്റവും നല്ലത് വേർഡിൽ ടൈപ്പ് ചെയ്തതിനു ശേഷം ആവശ്യമുള്ള സ്ഥലത്തേക്ക് കോപ്പി ചെയ്യുന്നതാണ്

  21. عاشق الحبيب 22 September 2008 20:43  

    ഞാൻ കീമാൻ സോഫ്റ്റ് വേർ ഉപയോഗിച്ചാണ് എഴുതുന്നത്. അല്പം സൂക്ഷിച്ചാൽ വളരെ കൃത്യമായി തന്നെ എഴുതാൻ കഴിയും….
    ഏറ്റവും നല്ലത് വേർഡിൽ ടൈപ്പ് ചെയ്തതിനു ശേഷം ആവശ്യമുള്ള സ്ഥലത്തേക്ക് കോപ്പി ചെയ്യുന്നതാണ്

  22. ശ്രീ ഇടശ്ശേരി. 30 September 2008 02:38  

    ഇതു വളരെ ഉപകാരപ്രദമായിരുന്നു..
    പ്രത്യേകിച്ച് “കൃ” എന്ന അക്ഷരം..
    അക്ഷര തെറ്റുകള്‍ തിരുത്താന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ??

  23. അനൂപ് തിരുവല്ല 30 September 2008 05:09  

    അഭിനന്ദനങ്ങള്‍!

  24. അപ്പു 30 September 2008 07:46  

    ശ്രീ ഇടശ്ശേരി, അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ എന്നുദ്ദേശിച്ചത് സ്പെല്‍ ചെക്ക് ആണെങ്കില്‍ നിലവില്‍ ആ‍ സംവിധാനം ഇല്ല. ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്റെറേഷനില്‍ ടൈപ്പുചെയ്യുമ്പോള്‍ ഒരു വാക്കുതെറ്റീപ്പോയാല്‍, അതുമായി സാമ്യമുള്ള വാക്കുകളുടെ ലിസ്റ്റ് കിട്ടാന്‍ ആ വാക്കില്‍ ഒന്നുക്ലിക്ക് ചെയ്താല്‍ മതി. പക്ഷേ ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്റെറേഷന്‍ ഉപയോഗിച്ച് ബ്ലോഗ് പബ്ലിഷ് പേജില്‍ ഒരു ലേഖനം മുഴുവന്‍ ടൈപ്പുചെയ്യൂന്നതിനെ ഞാന്‍ റെക്കമന്റ് ചെയ്യുന്നില്ല. വരമൊഴി ലിപിമാല എന്നൊരു അദ്ധ്യായം ഈ ബ്ലോഗില്‍ ഉണ്ട്, സഹായത്താളുകള്‍ എന്ന സെക്ഷനില്‍. അവിടെ എല്ലാ അക്ഷരങ്ങളുടെയും കീ കോമ്പിനേഷനുകള്‍കൊടുത്തിട്ടുണ്ട്.

  25. Muthu 21 October 2008 16:01  
    This comment has been removed by the author.
  26. jawhar 25 October 2008 13:54  

    ഷിജുവിന്,
    താങ്കള്‍ക്കു വളരെയധികം നന്ദി രേഖപ്പെടുത്തുന്നു.താങ്കള്‍ ചെയ്യുന്നത് വളരെ ഉപകാരപ്രദമായ സേവനമാണ്.എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് ഇതു വളരെയധികം സഹായകരമാണ് .

  27. ജയതി വിശേഷങ്ങൾ 6 November 2008 21:26  

    ഇതാ ഞാനും തുടങ്ങുന്നു ഒരു ബ്ലോഗ് “ജയതി“
    എങ്ങനെ വരുമോ എന്തോ?
    മുഴുവനും മനസ്സിലാവാതെയുള്ള എടുത്തുചാട്ടമാണേ!
    കളിയാക്കല്ലേ! തെറ്റ് പറഞ്ഞു തരണം. വയസ്സയായെങ്കിലും പഠിക്കാനുള്ള ആഗ്രഹം അത്യാഗ്രഹ മാകുമോ?

  28. maithreyi 9 November 2008 13:06  

    ചില്ലുകൾ നേരേ കാണുന്നില്ലല്ലോ

  29. അങ്കിള്‍ 9 November 2008 13:49  

    ഞാന്‍ മൈത്രേയിയുടെ ബ്ലോഗ് ഇപ്പോള്‍ വായിച്ചു. എനിക്ക് ചില്ലുകളില്‍ ഒരു പ്രശ്നവും കാണാന്‍ കഴിയുന്നില്ലല്ലോ. മൈത്രേയിയുടെ കമ്പ്യൂട്ടറിലെ സെറ്റിംഗ്സില്‍ തന്നെയാണ്‍ പ്രശ്നം എന്നു തോന്നുന്നു.

  30. Paavathan 18 November 2008 21:26  

    പണ്ട്‌ ആശാൻ പഠിപ്പിച്ച അക്ഷരങ്ങൾ വീണ്ടും എഴുതാൻ പഠിപ്പിച്ച ഗുരോ പാവത്താന്റെ പ്രണാമങ്ങൾ

  31. SHAJNI 7 December 2008 11:07  

    HAI,
    FIRST TIME I AM COMING TO THIS SITE.VERY BUSY TO WRITE SOME THING.BUT,I HAVE TO. ENTE NADDU... ENTE MALAYALAM..I WLL LEARN HOW TO WRITE IN MALAYALAM.MASHE,HELP ME PLEASE.VEENDUM VARAM ETHUVAYI.

  32. anzar thevalakkara 20 December 2008 19:35  

    athaaaaanks

  33. അനൂപ് അമ്പലപ്പുഴ 8 February 2009 09:30  

    കീമാനും വരമൊഴിയും ലിനക്സിൽ വർക്ക് ചെയുമോ?

  34. cibu cj 9 February 2009 08:38  

    രണ്ടും ലിനക്സിൽ വർക്ക് ചെയ്യും. ഈ പേജ് കാണുക:
    https://sites.google.com/site/cibu/linux

  35. Patchikutty 22 February 2009 14:11  

    ഒത്തിരി പ്രയോജനം ചെയ്തിട്ടുണ്ട്‌ ഈ ബ്ലോഗ് എനിക്ക്...ഹൃദയം നിറഞ്ഞ നന്ദി.

  36. cALviN::കാല്‍‌വിന്‍ 23 May 2009 00:27  

    കീമാനിൽ ഹിന്ദി ഓപ്‌ഷൻ വരാ‍ൻ എന്തു ചെയ്യണം എന്ന് പറഞ്ഞ തരാ‍മോ അപ്പൂ?

  37. cALviN::കാല്‍‌വിന്‍ 23 May 2009 00:27  

    ട്രാക്കിംഗ്

  38. cibu cj 23 May 2009 01:06  

    വരമൊഴിയിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന കീമാൻ പാക്കേജ് മലയാളം മാത്രമേ ചെയ്തിട്ടുള്ളൂ. ടോവുൾടിസോഫ്റ്റ് (കീമാനുണ്ടാക്കുന്ന കമ്പനി) ഹിന്ദിക്കുവേണ്ടി ചിലത് തന്നിട്ടുണ്ട് അവയുടെ ഗുണദോഷങ്ങളെ പറ്റി അറിയില്ല: http://www.tavultesoft.com/keyman/downloads/keyboards/search.php?Search=iso:l:hin&Submit=1

  39. ViswaPrabha | വിശ്വപ്രഭ 23 May 2009 01:46  

    വരമൊഴി ഉപയോഗിക്കുന്ന രാജിന്റെ മലയാളം കീമാപ്പു് ടാവുൽടെസോഫ്റ്റിന്റെ സൌജന്യവേർഷനായിരുന്ന കീമാൻ 6.0യിലേ പ്രവർത്തിക്കൂ. ഇപ്പോൾ ടാവുൽടേസോഫ്റ്റിന്റെ സൈറ്റിൽ കിട്ടുന്ന ഇൻഡിക് കീമാപ്പുകൾ പ്രവർത്തിക്കാൻ കീമാൻ 7.0 വേണം.

    ദേവനാഗരി അടക്കമുള്ള മിക്ക ഇൻഡിക്ക് ഭാഷകൾക്കും പൊതുവായി ഉപയോഗിക്കാവുന്ന കീമാപ്പുകളിൽ ഏറ്റവും നന്നായി എനിക്കു തോന്നിയിട്ടുള്ളത് ISISന്റെയാണു്. (ഇൻസ്ക്രിപ്റ്റ് പരിചയമുള്ളവർക്കു് അതുമാവാം. പക്ഷേ ട്രാൻസ്ലിറ്റെറേഷൻ രീതി വേണമെന്നുള്ളതുകൊണ്ടാണല്ലോ കീമാൻ തന്നെ പരിഗണിക്കേണ്ടിവരുന്നത്. നേരിട്ട് ഹിന്ദി ഇൻപുട്ട് ചെയ്യാനാണെങ്കിൽ കീമാനില്ലാതെതന്നെ ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കാം.)

    ISIS-ന്റെ പഴയ വേർഷൻ കീമാപ്പുകൾ അഥവാ ലഭ്യമായില്ലെങ്കിൽ, എന്റെ കൈവശമുണ്ട്. ആവശ്യമുള്ളവർക്കു് ഈ-മെയിൽ ആയി അയച്ചുതരാം.
    അതല്ല പറ്റിയാൽ എവിടെയെങ്കിലും അപ്‌ലോഡ് ചെയ്തു ലിങ്കും തരാം.

  40. ViswaPrabha | വിശ്വപ്രഭ 23 May 2009 04:59  

    വരമൊഴി കീമാപ്പിനു സമാനമായ കീമാൻ (6.0 ) പ്രോഗ്രാമിനു യോജിക്കുന്ന ഇൻഡിൿ കീമാപ്പുകൾ (ഹിന്ദി, സംസ്കൃതം, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നട, മലയാളം,ഒറിയ,തമിൾ, തെലുഗു) ശ്രീ ഗൌതം സെൻ‌ഗുപ്തയുടെ സ്വന്തം വെബ് പേജിൽനിന്നും ഇപ്പോഴും ഡൌൺലോഡ് ചെയ്യാം.

    ISIS കീമാപ്പുകളുടെ ഇംഗ്ലീഷ് സമാനമായ കീകൾ ഇവിടെയുണ്ട്.

  41. ശ്രീജിത്ത്‌ 14 July 2009 18:15  

    അപ്പുവേട്ടാ, ഇതിന്റെ ഗുട്ടന്‍സ് എന്താനു?? ഞാന്‍ ഇതു വരെ മലയലാളം ടയ്പ് ചെയ്തതു ഈ രീതിയിലാണു .ഇതിനെപ്പറ്റി ആദ്യാക്ഷരിയില്‍ ഒന്നും പറ‍യുന്നില്ലല്ലൊ? http://t13n.googlecode.com/svn/trunk/blet/docs/help_ml.html

  42. ശ്രീജിത്ത്‌ 14 July 2009 18:15  
    This comment has been removed by the author.
  43. അപ്പു 15 July 2009 07:42  

    ശ്രീജിത് പറയുന്ന ഈ രീതി ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ അല്ലേ? ഇതിനെപ്പറ്റി ഈ പൊസ്റ്റിൽ തന്നെ ഏറ്റവും അവസാനം പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾ ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ മറ്റൊരു പേജിൽ ചെയ്തിട്ട് കോപ്പി / പേസ്റ്റ് ചെയ്യേണ്ട ആവശ്യപോലും ഇല്ല. പകരം ബ്ലോഗിൽ തന്നെ അത് എനേബിൾ ചെയ്യാം (ബ്ലോഗ് സെറ്റിംഗ്സ് എന്ന ചാപ്റ്റർ നോക്കൂ). അതുപോലെ ജി-മെയിലിലും ഈയിടെ ഗൂഗിൾ ഇൻഡിഡ് ട്രാൻസ്‌ലിറ്ററേഷൻ എനേബിൾ ചെയ്തിട്ടുണ്ട്.

  44. cibu cj 15 July 2009 09:22  

    അതുപോലെ ഇപ്പൊ ബുക്ക്മാർക്ക്‌ലെറ്റായും ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിക്കാം. മുമ്പത്തെക്കാളും അതുകുറേ മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ്‌ അനുഭവം.

  45. ഊരള്ളൂരൻ 20 September 2009 16:59  

    എന്റെ computer ൽ internet explorer 6 ആയിരുന്നു ഉണ്ടായിരുന്നത്‌.അപ്പോൾ key man ഉപയോഗിച്ച്‌ മലയാളം online ആയി എഴുതാൻ പറ്റുമായിരുന്നു.പക്ഷെ internet explorer 8 അപ്ഗ്രേഡ്‌ ചെയ്തതോടുകൂടി അതില്ലാതായി. എന്തെങ്കിലും പോംവഴിയുണ്ടോ?

  46. അപ്പു 21 September 2009 10:30  

    ഊരള്ളൂരാ, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അപ്ഗ്രേഡ് ചെയ്തു എന്നുകരുതി കീമാന്‍ പ്രവര്‍ത്തിക്കാതാവുകയില്ല. ഞാനും എക്സ്പ്ലോറര്‍ 7 ആണുപയോഗിക്കുന്നത്. ഒരു കുഴപ്പവുമില്ല.

    കീമാന് എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കില്‍ അത് ഒരുപ്രാവശ്യംകൂടീ ഇന്‍സ്റ്റാള്‍ ചെയ്യൂ...

  47. Manoraj 27 September 2009 18:38  

    ISM software upayogichu ezhuthiya malayalam postukal ( means wordilo, pagemakerilo matto) enikku blogil ulpeduthan pattumo?

    pls mail me : manorajkr@gmail.com
    my blog : manorajkr.blogspot.com

  48. അപ്പു 27 September 2009 18:46  

    മനോരാജ്, ഈ പോസ്റ്റിലെ അവസാനം പറഞ്ഞിരിക്കുന്ന അക്ഷരങ്ങള്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാല്‍ പോരേ ISM നെ യൂണിക്കോഡായി കണ്‍‌വേര്‍ട്ട് ചെയ്യുവാന്‍. ഒന്നു നോക്കൂ

  49. roshan 3 October 2009 16:05  

    പ്രിയപെട്ട അപ്പു
    ഈ ലെഖനം വലരെ ഉപകരമായി...അഭിനന്ദനങ്ങള്‍!

  50. Manu 12 October 2009 14:06  

    വളരെ ഉപകാ‍ാരപ്രദമായിരുന്നു താങ്കളുടെ പോസ്റ്റ്.

    നന്ദി.

  51. Manu 12 October 2009 14:14  

    Keyman is working well for me but I have a problem with Varamozhy. When I tried to copy and paste the transliteration it was showing some odd sequence of english letters.

    For eg: i typed "ayyO kaakke patiCCo" and got correct transliteration but when i pasted the result here, it looks as follows: At¿m Ims¡ ]äns¨m

    Could you please explain what could be wrong? My Varamozhy is the latest which I downloaded from your link.

  52. അപ്പു 12 October 2009 14:35  

    മനുവിന്റെ വരമൊഴിപ്രശ്നം ഇതേ ബ്ലോഗിൽ ഒരുപാടുതവണ ഞാൻ വിവരിച്ചുതന്ന ഒരു പ്രശ്നമാണ്. (ചാപ്റ്റർ മുഴുവൻ വായിക്കാത്തതിനാ‍ലാണ് ഈ സംശയം വന്നത് - സാരമില്ല കേട്ടൊ).

    വരമൊഴി ഉപയോഗിക്കുമ്പോൾ, ഫോണ്ട് മെനുവിൽ അജ്ഞലി ഓൾഡ് ലിപി ഫോണ്ട് തന്നെ സെലക്റ്റ് ചെയ്താൽ മാത്രമേ വലതുവശത്തുകിട്ടുന്ന വിന്റോയിൽ ലഭിക്കുന്ന മലയാളം ടെക്സ്റ്റ്, യൂണിക്കോഡ് മലയാളം ഫോണ്ടായി ലഭിക്കുകയുള്ളൂ. മറ്റേതു ഫോണ്ട് സെലക്റ്റ് ചെയ്താലും വലതുവശത്ത് മലയാളമായി കാണുന്നുണ്ടെങ്കിലും അത് യൂണിക്കോഡിൽ അല്ല. അതുകൊണ്ട് അവിടെ നിന്ന് കോപ്പി ചെയ്ത് മറ്റൊരു ആപ്ലിക്കേഷനിലേക്കോ, വെബ് പേജിലേക്കോ പേസ്റ്റ് ചെയ്യുമ്പോൾ ഇംഗ്ലീഷ് ക്യാരക്റ്ററുകളായിരിക്കും ലഭിക്കുക. ഇത് ഒഴിവാക്കാനായി രണ്ടു കാര്യങ്ങൾ ചെയ്യാം.

    1. മലയാളം ടൈപ്പ് ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ് വരമൊഴി ഫോണ്ട് മെനുവിൽ അജ്ഞലി ഓൾഡ് ലിപി ഫോണ്ട് സെലക്റ്റ് ചെയ്യുക. ഇപ്പോൾ കിട്ടുന്ന മലയാളം ഔട്ട്പുട്ട് എങ്ങോട്ട് കോപ്പി പേസ്റ്റ് ചെയ്താലും മലയാളമായി തന്നെ കാണും.

    2. മറ്റേതെങ്കിലും ഫോണ്ട് ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്തതെങ്കിൽ, എല്ലാം ടൈപ്പു ചെയ്തുകഴിഞ്ഞ്, വരമൊഴി ഫയൽ മെനുവിലെ Export to unicode എന്ന മെനു ഐറ്റം സെലക്റ്റ് ചെയ്യുക. ഇപ്പോൾ മറ്റൊരു വിന്റോ തുറന്നുവന്നിട്ട് അതിൽ താങ്കൾ എഴുതിയ ടെക്സ്റ്റ് ലഭിക്കും. ഇത് യൂണിക്കോഡിൽ ആയിരിക്കും. അവിടെ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുക.

    ഈ സ്റ്റെപ്പുകൾ ഇതേ അദ്ധ്യായത്തിലും പറഞ്ഞിട്ടുണ്ട്.

  53. paattoli 14 October 2009 20:05  

    ഹുറെ...!!!!
    ചെങ്ങായീ..........
    ഞാൻ നന്നായീ.....
    (ഞാൻ കമ്മീഷനർ ഒന്നും അല്ലേ....)

    ഒരുപാട്‌ നന്ദി !!!!

  54. sanju 27 October 2009 15:25  

    നന്ദി പ്രിന്‍സി ഒരായിരം നന്ദി.

  55. sanju 27 October 2009 15:25  

    നന്ദി പ്രിന്‍സി ഒരായിരം നന്ദി.

  56. kazhchakkaran 24 November 2009 08:34  

    വലരെ നന്ദി......, പുതിയ ഒരു തുടക്കത്തിനുള്ള താ‍ങ്കലുടെ സഹായം......എന്നും ഓറ്കും നന്ദി...

  57. കൊച്ചു മുതലാളി 11 December 2009 15:01  

    ഒരു സംശയം. കീമാനുപയോഗിച്ച് എങ്ങനാ "download" എന്നൊക്കെ എഴുതുന്നത്? ഡൌണ്‍ലോഡ് എന്നെഴുതുമ്പോള്‍ ഒരു ദീര്‍ക്കം വരുന്നുണ്ട്...

  58. അപ്പു 13 December 2009 06:19  

    കൊച്ചുമുതലാളിയുടെ ചോദ്യം ശരിക്കുമനസ്സിലായില്ല.
    ഡൌൺലോഡ്. ദേ എഴുതി. എവിടെയാണു ദീർഘം കൂടുതൽ?

  59. കൊച്ചു മുതലാളി 13 December 2009 07:43  

    ഒരു വ്യഞ്ജനാക്ഷരം+സ്വരാക്ഷരം “ഔ” എഴുതുമ്പോള്‍ ശരിക്ക് എഴുതാന്‍ പറ്റുന്നില്ല.. ഉദാഹരണം, download=ഡൌണ്‍ലോഡ്, kouthukam=കൌതുകം.. എന്നൊക്കെ ഒന്ന് എഴുതി നോക്കുക.. എനിക്ക് സംശയമുള്ള ഭാഗം ഞാന്‍ ബോള്‍ഡ് ആക്കിയിട്ടുണ്ട്.. ഇപ്പോള്‍ എന്റെ സംശയം മനസ്സിലായികാണും എന്ന് പ്രതീക്ഷിക്കുന്നു...

  60. അപ്പു 13 December 2009 07:53  

    ഇപ്പോൾ മനസ്സിലായി കൊച്ചുമുതലാളീ !!

    ദീർഘം എന്നു പറയുന്നത് ‘അ’ കാരത്തിന്റെ ചിഹ്നത്തിനാണ്. താങ്കൾ ഉദ്ദേശിക്കുന്നത് ‘ഔ’ ന്റെ പുള്ളിയെയാണ്. അതാണ് തെറ്റിപ്പോയത്. കീമാൻ ഉപയോഗിച്ച് ഔ എഴുതുമ്പോൾ ആവശ്യമില്ലാത്ത ഒരു പുള്ളി അക്ഷരത്തിന്റെ ഇടതുവശത്തുവരും.
    സൌന്ദര്യം, കൌതുകം, പൌർണ്ണമി. ഇങ്ങനെ. ഇതുമാറ്റാൻ തൽക്കാ‍ലം ഒരു വഴിയുമില്ല. എന്നാൽ വരമൊഴി ഉപയോഗിച്ച് എഴുതിനോക്കൂ. ഈ പ്രശ്നമില്ല. വരമൊഴി ഉപയോഗിച്ച് ഇതേ വാക്കുകൾ എഴുതിയാൽ
    സൗന്ദര്യം, കൗതുകം, പൗർണ്ണമി

  61. KaaRNOr (കാര്‍ന്നോര്) 14 January 2010 23:46  

    thank u. let me try first to ask more

  62. BG 31 January 2010 05:43  

    പലവട്ടം ശ്രമിച്ച് അവസാനം ഇന്ന് വരമൊഴിയും കീമാനും ഡൌൺലോഡ് ചെയ്തു. പക്ഷെ വരമൊഴി ടെക്സ്റ്റ് എഡിറ്റ് സ്ക്രീനിൽസാധാരണയിൽ കവിഞ്ഞ് പുതിയ ഫോണ്ടുകൾ സെലെക്റ്റ് ചെയ്യാൻ പറ്റുന്നില്ല. എന്റെ പീസിയിൽ അവ നേരത്തെ ഇൻസ്റ്റാൾ (ട്രൂ ടൈപ്പായി)ചെയ്യേണമോ?

    മുൻ‌കൂർ നന്ദി!
    ബാലഗോപാൽ, തൃശൂർ. “പൂരനഗരി”

  63. അപ്പു 31 January 2010 06:25  

    പ്രിയ ബാലഗോപാൽ, താങ്കളുടെ കമന്റിൽ നിന്നും മനസ്സിലാവുന്നത് വരമൊഴി എന്നത് പലതരം മലയാളം ഫോണ്ടുകൾ മാറിമാറി സെലക്റ്റ് ചെയ്ത് മലയാളം എഴുതാനാവുന്ന ഒരു വേഡ് പ്രോസസർ എന്നാണ് താങ്കൾ ധരിച്ചിരിക്കുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല സംഭവം. ട്രൂടൈപ്പ് മലയാളം ഫോണ്ടുകൾ താങ്കളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവയൊന്നും വരമൊഴിയിൽ പ്രത്യക്ഷപ്പെടുകയില്ല. അധവാ, താങ്കൾ അവ ഇൻസ്റ്റാൾ ചെയ്തിട്ടും കാര്യമില്ല. കാരണം വരമൊഴി ഒരു ട്രാൻസ്‌ലിറ്ററേഷൻ സോഫ്റ്റ്വെയറാണ്. മംഗ്ലീഷിൽ എഴുതുന്ന ടെക്സ്റ്റിനെ ഒരു യൂണിക്കോഡ് ടെക്സ്റ്റായി ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ അത് കൺ‌വേർട്ട് ചെയ്ത് തരും അത്രയേ ഉള്ളൂ. അല്ലാതെ മലയാളം എഴുതാവുന്ന ഒരു വേഡ് പ്രോസസർ അല്ല അത്. ട്രൂടൈപ്പ് മലയാളം ഫോണ്ടുകൾ ഭൂരിഭാഗവും യൂണിക്കോഡ് രീതിയിലുള്ളവയും അല്ല.

  64. Sudheer K. Mohammed 6 February 2010 01:55  

    swanalekha is another way to type malayalam it is a mozilla addon

  65. BG 6 February 2010 03:57  

    പ്രിയപ്പെട്ട അപ്പു, സുധീര്‍ മുഹമ്മദ്‌,

    താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി!

    ബാലഗോപാല്‍

  66. Shareef Mulla 14 March 2010 13:04  

    (hello dear sir)

    വലരെ നന്ന്ദി അരിയിക്കുന്ന്

  67. sonu 16 March 2010 20:58  

    miബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഓൺസ്ക്രീൻ മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.

  68. മുള്ളൂക്കാരന്‍ 9 May 2010 22:05  

    പ്രിയ ബാലഗോപാൽ, താങ്കള്‍ ഉദ്ദേശിച്ചത് ഇതാണോ എന്നറിയില്ല... ഇവിടെ ചെന്ന് ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്ടാള്‍ ചെയ്തു ഉപയോഗിച്ച് നോക്കൂ... അവിടെ ടൈപ്പ് ചെയ്യുന്ന വാക്കുകളെ അതില്‍ നിന്ന് തന്നെ Unicode ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള വഴിയും ഉണ്ട്..

    http://fontpack.blogspot.com/2009/11/free-download-typeit-4743-setup.html

  69. »¦ മുഖ്‌താര്‍ ¦ udarampoyil ¦« 23 May 2010 10:02  

    നന്ദി.
    നന്ദി.
    നന്ദി.

  70. കുട്ടുറുവന്‍ 7 October 2010 15:24  

    എന്റെ വരമൊഴി സോഫ്റ്വേരില്‍ അഞ്ജലി ഓള്‍ഡ്‌ ലിപി ഇല്ല. ഞാന്‍ കമ്പ്യൂട്ടര്‍ ലെ ഫോണ്ട് ഫോല്ടരില്‍ നിനും അഞ്ജലി ലിപി കോപ്പി ചെയ്ത് വരമൊഴിയിലെ ഫോണ്ട് ഫോല്ടരില്‍ പേസ്റ്റ് ചെയ്തു. പക്ഷെ ടൈപ്പ് ചെയ്യ്മ്പോള്‍ ആ ഫോണ്ട് കിട്ടുന്നില്ല. പിന്നെ മറ്വേബില്‍ ടൈപ്പ് ചെയ്ത് unicode ലേക്ക് എക്ഷ്പൊര്ട ചെയ്തു. അപ്പോള്‍ ന്റെ എന്നാ അക്ഷരമ് തെറ്റായി കാണിക്കുന്നു. ഇതിനു എന്താണ് പ്രതിവിധി? അഞ്ജലി ഫോണ്ട് വരമൊഴിയില്‍ കിട്ടിയാല്‍ നന്നായിരുന്നു.

  71. കുട്ടുറുവന്‍ 7 October 2010 15:45  

    ഒരു സംശയം ഷിബുവേട്ടാ ...
    മുമ്പ് പോസ്റ്റ്‌ ചെയ്ത ഒരു പോസ്റ്റ്‌ എഡിറ്റ്‌ ചെയ്ത് വീണ്ടും പോസ്റ്റ്‌ ചെയ്താല്‍ പ്രത്യേകം പോസ്റ്റ്‌ ആയാണോ വരിക ? അതോ പഴയ പോസ്റ്റില്‍ തന്നെ തിരുത്തലോടെ വരുമോ ?

  72. അപ്പു 8 October 2010 09:52  

    കുട്ടുറുവന്‍ ചെയ്യേണ്ടത്: വിന്റോസ് ഫോണ്ട്സ് ഫോള്‍ടര്‍ല്‍ നിന്ന് ഫോണ്ട് കോപ്പി പേസ്റ്റ് ചെയ്യുകയല്ല. ആദ്യാക്ഷരിയിലെ ല്ങ്കില്‍ നിന്ന് വീണ്ടും വരമൊഴി ഇന്‍സ്റ്റാള്‍ ചെയൂ.

    എഡിറ്റ്‌ ചെയ്ത പോസ്റ്റ്‌ പുനപ്രസിധീകരിക്കുബോള്‍ള്‍ പഴയ പോസ്റ്റ്‌ ആയി തന്നെയാണ് കാണുക.

  73. nikukechery 23 January 2011 23:40  

    appettaa.
    varamozhi panimutakki.open cheythal "not responding" enthavaam karanam
    niku kechery

  74. Jomathew 19 December 2011 13:55  

    പ്രീയപ്പെട്ട കുട്ടുകാര,
    എന്‍റെ കൈയില്‍ ഒരു യൂണിക്കോഡില്‍ അല്ലാത്ത ഫോണ്ടു ഉണ്ട്. ഞാന്‍ അതിലെ വാർത്ത ബ്ലോഗ്ഗില്‍ കോപ്പി ചെയ്താല്‍ കുറെ ( eg . @pjujH sspiA ) മനസിലാവാത്ത അക്ഷരങ്ങള്‍ ആയി മാറും. എനിക്ക് അ ഫോണ്ടിനെ ടൈപ്പ് ചെയ്യാതെ കോപ്പി ചെയ്യുവാന്‍ സാദിക്കുമോ? ഞാന്‍ ഒത്തിരി ASCII - Unicode കണ്‍വേര്‍ട്ടറുകള്‍ പരീക്ഷിച്ചു നോക്കി. ഒരു രക്ഷയും ഇല്ല? ദയവായി സഹായിക്കു. ?

  75. Jomathew 19 December 2011 13:56  

    പ്രീയപ്പെട്ട കുട്ടുകാര,
    എന്‍റെ കൈയില്‍ ഒരു യൂണിക്കോഡില്‍ അല്ലാത്ത ഫോണ്ടു ഉണ്ട്. ഞാന്‍ അതിലെ വാർത്ത ബ്ലോഗ്ഗില്‍ കോപ്പി ചെയ്താല്‍ കുറെ ( eg . @pjujH sspiA ) മനസിലാവാത്ത അക്ഷരങ്ങള്‍ ആയി മാറും. എനിക്ക് അ ഫോണ്ടിനെ ടൈപ്പ് ചെയ്യാതെ കോപ്പി ചെയ്യുവാന്‍ സാദിക്കുമോ? ഞാന്‍ ഒത്തിരി ASCII - Unicode കണ്‍വേര്‍ട്ടറുകള്‍ പരീക്ഷിച്ചു നോക്കി. ഒരു രക്ഷയും ഇല്ല? ദയവായി സഹായിക്കു. ?

ആദ്യാക്ഷരി ചങ്ങാതിക്കൂട്ടം

ഈ ചങ്ങാതീസിനെ ഒരുമിച്ചു കാണണോ? ഇങ്ങോട്ടു ക്ലിക്കൂ!

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP