കീമാജിക് - ഓഫ്‌ലൈൻ ടൈപ്പിംഗ് ടൂൾ
>> 20.3.11
മലയാളത്തിൽ ടൈപ്പു ചെയ്യാനായി ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന രണ്ടു രീതികളാണല്ലോ ട്രാൻസ്‌ലിറ്ററേഷനും ഇൻസ്ക്രിപ്റ്റ് കീബോർഡുകളും. ഇവ തമ്മിലുള്ള വ്യത്യാസമെന്തെന്ന് അറിയാത്തവർക്കായി ചുരുക്കത്തിൽ വിശദമാക്കാം. മംഗ്ലിഷിൽ ഒരു മലയാളം വാക്കെഴുതി അതിന്റെ തത്തുല്യമായ ശബ്ദാനുകരണം മലയാളത്തിൽ കിട്ടുന്നതിനെയാണ് ട്രാൻസ്‌ലിറ്ററേഷൻ എന്നു വിളിക്കുന്നത്. ഉദാഹരണം kakka = കാക്ക, poochcha = പൂച്ച. ശബ്ദങ്ങൾക്കനുസരിച്ച് അക്ഷരങ്ങളില്ലാത്ത ഇംഗീഷ് ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിച്ച് ഒരു മലയാളം വാക്ക് എഴുതുമ്പോൾ കണക്കിലധികം കീസ്ട്രോക്കുകൾ വേണ്ടിവരുന്നു എന്നതാണ് ട്രാൻസ്‌ലിറ്ററേഷൻ രീതിയെപ്പറ്റിയുള്ള ഒരു ആക്ഷേപം. എന്നാൽ കീബോർഡിൽ നോക്കാതെ മിനിറ്റിൽ നാൽപ്പതും അൻപതും വാക്കുകൾ ഇംഗ്ലീഷിൽ ടൈപ്പു ചെയ്യാൻ കഴിയുന്ന ഒരാളുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേയല്ല എന്നതാണു വാസ്തവം! മനസിൽ ഉദ്ദേശിക്കുന്ന മലയാളം വാക്കുകൾ വിരൽത്തുമ്പിലേക്ക് ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ താനേ ഒഴുകിവന്നുകൊള്ളും! ഇൻസ്ക്രിപ്റ്റ് രീതിയിൽ മലയാളത്തിലെ ഓരോ അക്ഷരത്തിനും ഇംഗ്ലീഷ് കീബോർഡിലെ ഓരോ കീകൾ നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ട് ഒരു മലയാളം വാക്ക് എഴുതാൻ ആവശ്യമായി വരുന്ന കീസ്ട്രോക്കുകളുടെ എണ്ണം ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിമ്പോൾ വേണ്ടിവരുന്നതിനേക്കാൾ നന്നേ കുറവാണ്. ഇങ്ങനെ മലയാളത്തിലെ ഓരോ അക്ഷരങ്ങളും ഓർത്തിരിക്കുവാൻ ബുദ്ധിമുട്ടല്ലേ എന്നു ചിന്തിക്കുന്ന വായനക്കാരുണ്ടാവാം. സത്യത്തിൽ ഇവിടെയും മനുഷ്യമസ്തിഷ്കത്തിന്റെ അസാധാരണമായ ചില കഴിവുകളാണ് സഹായത്തിനെത്തുന്നത്. കുറച്ചു പ്രാക്റ്റീസിനുശേഷം ഓരോ മലയാള അക്ഷരത്തിനും വേണ്ട കീകൾ ഏതൊക്കെയെന്ന് തലച്ചോറും വിരലുകളും കൂടി ഒന്നായി പ്രവർത്തിച്ച് മനസ്സിലാക്കിക്കൊള്ളും. ചുരുക്കത്തിൽ ഏതുരീതിയിൽ എഴുതിയാലും പ്രത്യേകിച്ച് വിശേഷമോ ദോഷമോ ഇല്ല - ഓരോരുത്തരുടെയും സൌകര്യം പോലെ ആ രീതി തിരഞ്ഞെടുക്കാം എന്നു സാരം. ആദ്യാക്ഷരിയിൽ മലയാളം എഴുതാൻ പഠിക്കാം എന്ന സെക്ഷനിൽ വിവരിച്ചിരിക്കുന്ന വിവിധ രീതികളിൽ, കീമാൻ, വരമൊഴി, ഗൂഗിൾ ഇൻപുട്ട് മെതേഡ് തുടങ്ങിയവ ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ പ്രവർത്തിക്കുന്ന പ്രോഗ്രാമുകളാണ്.
മൊഴികീമാപ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കീമാനും വരമൊഴിയും, മലയാളം ബ്ലോഗുകൾ ഇന്നുകാണുന്ന രീതിയിൽ വിപുലപ്പെടുവാൻ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ പ്രവർത്തിക്കുന്ന കീമാൻ വിന്റോസ് എക്സ്പി വേർഷൻ വരെ യാതൊരു പ്രശ്നങ്ങളുമില്ലാതെ മലയാളം ടൈപ്പിംഗിനു പ്രയോജനപ്പെടുകയും ചെയ്തുപോന്നു. എന്നാൽ വിൻഡോസ് വിസ്റ്റയും, വിൻഡോസ് -7നും ഇറങ്ങിയതൊടെ കീമാൻ പ്രശ്നക്കാരനായി. കീമാൻ പ്രൊപ്രൈറ്ററി സൊഫ്റ്റ്‌വെയർ ആയതിനാൽ അതിനായി മലയാളത്തിന്റെ പുതുക്കിയ വേർഷൻ ഇറക്കുന്നത് അതിലേറെ പ്രശ്നമായി.
മലയാളം വിക്കിപീഡിയനായ ജുനൈദ് ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരവുമായി എത്തുന്നു. കീമാജിക്ക് എന്നപേരിൽ കഴിഞ്ഞയാഴ്ക പബ്ലിഷ് ചെയ്ത ഈ സോഫ്റ്റ്‌വെയർ, ബർമ്മക്കാരായ ചില വിക്കി പ്രവർത്തകരാണു് ആദ്യമായി വികസിപ്പിച്ചത്. ഈ സ്പോഫ്റ്റ്‌വെയറിൽ, ജുനൈദ് മലയാളത്തിനായി ടൈപ്പിങ്ങ് സ്കീമുകൾ എഴുതിയുണ്ടാക്കി (മൊഴി സ്കീമും, ഇൻസ്ക്രിപ്റ്റും) കസ്റ്റമൈസ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നു. ഇതിന്റെ വിശദവിവരങ്ങളാണ് ഈ പോസ്റ്റിൽ ചർച്ചചെയ്യാൻ പോകുന്നത്.
കീമാനിൽനിന്നു വ്യത്യസ്തമായി കീമാജിക് ഒരു സ്വതന്ത്രസോഫ്റ്റ്‌വെയറാണു്. അതിനാൽ ഭാവിയിൽ കൂടുതൽ സൗകര്യം ഒരുക്കാം എന്ന സവിശേഷതയുണ്ട്. വിൻഡോസ് എക്സ്പി, വിസ്റ്റ, വിൻഡോസ് -7 എന്നിവയിൽ ഇതു പരീക്ഷിച്ചു. കുഴപ്പമില്ലാതെ പ്രവർത്തിക്കൂന്നുണ്ട് എന്നാണ് ഇതുവരെയുള്ള ഫീഡ്‌ബാക്ക്.
കീമാജിക് ഉപയോഗിക്കുന്ന വിധം:
കീമാജിക് എനേബിൾ ആയാൽ ഉടൻ തന്നെ സിസ്റ്റം ട്രേയിൽ ഒരു ഐക്കൺ പ്രത്യക്ഷമാകും. ഇളം നീല നിറത്തിൽ അ എന്ന അക്ഷരത്തിന്റെ ചിഹ്നമാണിതിൽ ഉള്ളത്. Transliteration രീതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ, CTRL + M അമർത്തിയാൽ മൊഴി സ്കീം പ്രവർത്തനക്ഷമം ആകും. വിക്കിപീഡിയയിൽ CTRL + M ഉപയോഗിക്കുന്നതിനാൽ ഇവിടെയും അത് ഉപയോഗിച്ചു എന്ന് മാത്രം. ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കുക. ഇപ്പോൾ രണ്ടു സ്കീമേ ചേർത്തിട്ടുള്ളൂ എങ്കിലും ഭാവിയിൽ എത്ര വേണമെങ്കിലും ചേർക്കാനുള്ള സൗകര്യം ഉണ്ട്. അതേ പോലെ ഗിനു/ലിനക്സ് വ്വേർഷനും മാക്ക് വേർഷനും ഒക്കെ താമസിയാതെ ഇറക്കുന്നതാണ്.
നോട്ട് പാഡ്, ബ്രൗസർ, വേർഡ്, ഓപ്പണോഫീസ്, ബ്ലോഗിലെ കമെന്റ് ബോക്സ് തുടങ്ങി നമ്മൾ സാധാരണ മലയാളം ടൈപ്പ് ചെയ്യുന്ന സ്ഥലങ്ങളിലൊക്കെ ഇത് പരീക്ഷിച്ചു നോക്കി. എല്ലായിടത്തും പ്രവർത്തിക്കുന്നതായി കണ്ടു.
നിങ്ങളിൽ വിൻഡോസ് മലയാളം ടൈപ്പ് ചെയ്യുന്നവർ ഇത് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് നോക്കാൻ താല്പര്യപ്പെടുന്നു. അങ്ങനെ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുക. കുറേയേറെ കുഴപ്പങ്ങൾ ഞങ്ങൾ കുറച്ച് പേർ ചേർന്ന് കണ്ടെത്തി പരിഹരിച്ചിരുന്നു.
ടെസ്റ്റ് ചെയ്ത് നിങ്ങൾ കണ്ടെത്തുന്ന കുഴപ്പങ്ങൾ help@mlwiki.in എന്ന ഐഡിയിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. കീമാൻ മലയാളത്തിനായി വികസിപ്പിച്ച ജുനൈദിന്റേയും പ്രാഥമിക ടെസ്റ്റിങ്ങ് നടത്തിയവരുടേയും കണ്ണിൽ പെടാതെ പോയ പ്രശ്നങ്ങൾ ഉണ്ടാവാം. പ്രശ്നങ്ങളെല്ലാം help@mlwiki.in ലേക്ക് അയക്കുക. പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് ഏറ്റവും അടുത്ത് ദിവസം തന്നെ പുറത്തിറക്കുന്നതാണ്.
ചിലകുറിപ്പുകൾ:
- ചില്ലക്ഷരങ്ങളായ ൻ,ർ,ൾ,ൺ, ൽ എന്നിവ യഥാക്രമം n, r, L, N, l എന്നീ അക്ഷരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
- ചന്ദ്രക്കല കിട്ടാൻ അതാതു ചില്ലക്ഷരത്തിനു ശേഷം ~ ചിഹ്നനം ഉപയോഗിക്കണം.
- ഋ (ഋ-വിന്റെ ചിഹ്നനവും) കിട്ടാൻ R ഉപയോഗിക്കണം.
- ഞ്ഞ കിട്ടാൻ njnja ഉപയോഗിക്കണം. ഇരട്ട അക്ഷരങ്ങൾക്കെല്ലാം ഇതേ രീതി പിന്തുടരണം.
- ചില്ലിനുശേഷം വ എന്ന അക്ഷരം വരുമ്പോൾ അവതമ്മിൽ വേർപിരിക്കുവാൻ underscore ഉപയോഗിക്കണം. ഉദാ: അൻവർ എന്ന് കിട്ടാൻ an_var എന്ന് ടൈപ്പ് ചെയ്യണം
- ഇരട്ട അക്ഷരങ്ങളെല്ലാം അതാതു ഒറ്റയക്ഷരങ്ങളുടെ ആവർത്തനാമായേ ലഭിക്കൂ. കീമാനിലെപ്പോലെ ക്യാപ്പിറ്റൽ ലെറ്റർ വർക്ക് ചെയ്യില്ല. ഉദാ: ങ്ങ = ngnga, ച്ച = chcha
ഇങ്ങനെ ഒരു സ്വതന്ത്രസൊഫ്റ്റ്‌വെയർ ഇറക്കിയ ബർമ്മീസ് സഹപ്രവർത്തകർക്കും ഇത് മലയാളത്തിനായി കസ്റ്റമൈസ് ചെയ്ത ജുനൈദിനും, ഈ സോഫ്റ്റ്വെയർ ബ്ലോഗിൽ പബ്ലിഷ് ചെയ്ത ഷിജു അലക്സിനും അഭിനന്ദനങ്ങൾ.
ടൈപ്പിങ്ങിനു ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം ഇവിടെ കാണാം. http://upload.wikimedia.org/wikipedia/commons/1/10/Lipi_ml.png
ചില്ലക്ഷരം പ്രശ്നമായി തോന്നുന്നവർ അത് പരിഹരിക്കാൻ ആദ്യാക്ഷിയിലെ ഈ പോസ്റ്റ് വായിച്ച് അതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക.
കീമാജിക്ക് ഉപയോഗിച്ച് ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ ടൈപ്പു ചെയ്യുന്നത് കീമാൻ ഉപയോഗിച്ച് ടൈപ്പു ചെയ്യുന്നതിൽനിന്നും വളരെയൊന്നും വ്യത്യസ്തമല്ല. മൊഴി ലിപ്യന്തരണത്തിന്റെ നിയമങ്ങൾ മലയാളം വിക്കിപീഡിയയിലെ ഉപകരണത്തിൽ നിന്നും കടം കൊണ്ടവയാണ്. അതുകൊണ്ട് ചില കൂട്ടക്ഷരങ്ങൾ എഴുതുന്നതിൽ ചില്ലറ വ്യതിയാനങ്ങൾ ഉണ്ട്. അവയെപ്പറ്റി പിന്നാലെ വിശദീകരിക്കാം. R എന്ന കീസ്ട്രോക്ക് ‘ഋ‘ എന്ന അക്ഷരത്തിനായി മാറ്റിയിരിക്കുന്നു എന്നതാണ് പ്രധാനമായ ഒരു വ്യത്യാസം. ട്രാൻസ്‌ലിറ്ററേഷൻ രീതിയല്ലാതെ, ഇൻസ്‌ക്രിപ്റ്റ് രീതിയിൽ ടൈപ്പു ചെയ്യുവാൻ ആഗ്രഹമുള്ളവർ വിഷമിക്കേണ്ട. അതിനുള്ള സംവിധാനവും കീമാജിക്കിൽ ഉണ്ട്.
രണ്ടുരീതിയിൽ കീമാജിക് ഇൻസ്റ്റാൾ ചെയ്യാം. ഒരു കമ്പ്യൂട്ടറിലേക്ക് നേരിട്ട് ഈ പ്രോഗ്രാം മാത്രം ഇൻസ്റ്റാൾ ചെയ്യണമെന്നുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഇൻസ്റ്റാളർ ഉപയോഗിക്കാം.
- കീമാജിക്ക് (മലയാളം) മാത്രമായി പാക്ക് ചെയ്ത് ഇൻസ്റ്റാളർ ഇവിടെ കിട്ടും:
- Key magic 1.4 setup
- ഈ ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ keymagic -1.4 Malayalam-setup.exe എന്ന ഫയലിലേക്കുള്ള ലിങ്ക് ലഭിക്കും. അതിൽ ക്ലിക്ക് ചെയ്റ്റാലുടൻ ഇൻസ്റ്റലേഷൻ പ്രോഗ്രാമിന്റെ ഫയൽ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൌൺലോഡ് ചെയ്യപ്പെടും. ഡൌൺലോഡ് പൂർത്തിയായാൽ ആ ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക. (ചില ബ്രൗസറിൽ നേരിട്ട് താഴെക്കാണുന്ന ഡയലോഗ് ബോക്സ് തുറക്കുകയാവും ചെയ്യുക) ഒരു പുതിയ ഡയലോഗ് ബോക്സ് തുറന്ന് വരും. അതിലെ Run എന്ന ബട്ടൺ ക്ലിക്ക് ചെയ്യൂ.
തുടർന്നുവരുന്ന സ്ക്രീനുകളിലെ ലൈസൻസ് എഗ്രിമെന്റ് ആക്സെപ്റ്റ് ചെയ്യുക. അതിനുശേഷം Next ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റലേഷൻ ആരംഭിക്കും. സെക്കന്റുകൾക്കുള്ളിൽ ഇൻസ്റ്റലേഷൻ പൂർത്തിയാകും. അവസാനത്തെ സ്ക്രീനിനും മുമ്പായി ഡെസ്ക് ടോപ്പിലും ക്വിക്ക് ലോഞ്ച് പാഡിലും കീമാജിക്കിന്റെ ഐക്കൺസ് ചേർക്കട്ടയോ എന്നൊരു ചോദ്യം വരും. ഇതു രണ്ടും ടിക്ക് ചെയ്തേക്കുക. ഇപ്രകാരം ചെയ്താൽ കീമാജിക്കിന്റെ ഐക്കൺ ഡെസ്ക്ടോപ്പിൽ കിട്ടും. ഇനിയും എപ്പോഴെങ്കിലും കീമാജിക് സ്റ്റാർട്ട് ചെയ്യേണ്ടിവരുമ്പോൾ ഈ ഐക്കണുകൾ ഉപയോഗിക്കാം.
ഇൻസ്റ്റലേഷൻ പൂർത്തിയായി എന്നുകാണിക്കുന്ന മെസേജിനു ശേഷം ഒരു സ്ക്രീൻ കൂടി ലഭിക്കും. കീമാജിക്കിനെ മലയാളം ടൈപ്പു ചെയ്യുന്ന രീതിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഒരു ഷോർട്ട് കട്ട് കീ ഉപയോഗിച്ച് സ്വിച്ച് ചെയ്യാനുള്ള ഓപ്ഷൻ സെറ്റ് ചെയ്യാനുള്ള സ്ക്രീനാണിത്. ഡിഫോൾട്ടായി Ctrl +M എന്ന കീ കോമ്പിനേഷനാണ് ട്രാൻസ്‌ലിറ്ററേഷൻ സ്വിച്ചിംഗിനായി നൽകിയിരിക്കുന്നത്. ഇതുവേണമെങ്കിൽ മാറ്റി നിങ്ങൾക്ക് ഇഷ്ടമുള്ള കീ കോമ്പിനേഷൻ സേവ് ചെയ്യാം. ഇൻസ്ക്രിപ്റ്റ് രീതിയിലെ കീബോർഡ് വേണം എന്നുള്ളവർക്ക് Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കാം.
മേൽപ്പറഞ്ഞരീതിയിൽ നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതെ കീമാജിക്കിന്റെ സെറ്റപ് ഫയലുകൾ മുഴുവൻ വേണം എന്നുള്ളവർക്ക് താഴെപ്പറയുന്ന ലിങ്കിൽ നിന്ന് അവ മൊത്തമായി ഒരു സിപ് ഫയലായി ലഭിക്കും.
- സിപ്പ് ഫയൽ വേണമെന്നുള്ളവർക്ക് ഇവിടെനിന്ന് ഡൌൺലോഡ് ചെയ്യാം Keymagic zip file സിപ് ഫയൽ അൺ-സിപ് ചെയ്ത് ആ ഫോൾഡറിലെ keymagic.exe ഫയൽ ഡബിൾ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റലേഷൻ ആരംഭിക്കും.
മൊഴി സ്കീമിന്റെ ചിത്രം :
ഇൻസ്ക്രിപ്റ്റ്
ഇൻസ്ക്രിപ്റ്റിന്റെ പുതുക്കിയ വേർഷൻ ഇപ്പ്പോഴും ഡ്രാഫ്റ്റ് സ്റ്റേജിൽ തന്നെ ആയതിനാൽ ഈ ടൂളിൾ അതിന്റെ കീമാപ്പ് നിലവിൽ പ്രാബല്യത്തിലുള്ള ഇൻസ്ക്രിപ്റ്റ് കീമാപ്പ് പോലെ തന്നെയാക്കി.
ഈ ടൂളിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന ഇൻസ്ക്രിപ്റ്റ് കീമാപ്പിന്റെ ചിത്രം ഇതാ.
വിൻഡോസ് പതിപ്പുകളുടെ കോമ്പാലിബിലിറ്റി
വിൻഡോസ് XP, വിൻഡോസ് വിസ്റ്റ, വിൻഡോസ് 7 ഈ മൂന്നു് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും ഇത് ഉപയോഗിച്ച് നോക്കിയിരുന്നു. ബ്രൗസർ, നോട്ട്പാഡ്, വേർഡ്, ബ്ലോഗിന്റെ കമെന്റ് ബോക്സ് തുടങ്ങി പരമാവധി ഇടങ്ങളിൽ ഇത് പരീക്ഷിച്ചു നോക്കി. എല്ലായിടത്തും പ്രവർത്തിക്കുന്നു എന്ന് കണ്ടു.
2 പേർ മാത്രം ഇത് അവരുടെ വിസ്റ്റ/XPസിസ്റ്റത്തിൽ പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞു. അത് ഒരു പക്ഷെ അവരുടെ സിസ്റ്റത്തിന്റേത് മാത്രമായ പ്രശ്നം ആവാനാണു് സാദ്ധ്യത എന്ന് കരുതുന്നു. ഇൻസ്റ്റാളറിനു പകരം സിപ്പ് ഫയൽ എക്സ്ട്രാറ്റ് ചെയ്ത് നേരിട്ട് പ്രവർത്തിക്കാൻ ശ്രമിക്കൂ. ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പ്രവർത്തിപ്പിക്കാം എന്നതാണൂ് ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത.
കൂടുതൽ ഫീച്ചേർസും, ലേ ഔട്ടുകളും (ഉദാ: മിൻസ്ക്രിപ്റ്റ്, സ്വനലെഖ തുടങ്ങിയവ) ആവശ്യമെങ്കിൽ വഴിയേ ചേർക്കാവുന്നതേ ഉള്ളൂ. നിലവിൽ ഇത് കൊണ്ട് വിൻഡോസ് ഒ.എസ്. ഉപയോഗിക്കുന്നവരുടെ ടൈപ്പിങ്ങ് പ്രശ്നം മിക്കവാറും ഒക്കെ പരിഹരിച്ചു എന്ന് കരുതട്ടെ.
ഈ പേജിൽ പറഞ്ഞിരിക്കുന്ന ഡൗൺലോഡ് ലിങ്കുകളുടെ ഏറ്റവും പുതിയ വേർഷനുകൾ നോക്കാനായി നാരായം എന്ന ഗൂഗിൾ പേജ് ഉപയോഗിക്കാം - നാരായം ലിങ്ക് ഇവിടെ. കൂടാതെ അഞ്ജലി, മീര, രചന എന്നീ യൂണിക്കോഡ് മലയാളം ഫോണ്ടുകളും ഇവിടെനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഈ പേജിൽ പറഞ്ഞിരിക്കുന്ന ഡൗൺലോഡ് ലിങ്കുകളുടെ ഏറ്റവും പുതിയ വേർഷനുകൾ നോക്കാനായി നാരായം എന്ന ഗൂഗിൾ പേജ് ഉപയോഗിക്കാം - നാരായം ലിങ്ക് ഇവിടെ. കൂടാതെ അഞ്ജലി, മീര, രചന എന്നീ യൂണിക്കോഡ് മലയാളം ഫോണ്ടുകളും ഇവിടെനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.









53 അഭിപ്രായങ്ങള്‍:
Thank you so much
താങ്ക്സ് അപ്പുവേട്ടാ....ഇനി എങ്ങിലും ഞാന്‍ നന്നാകുമോ ? ;)
ഇരട്ട അക്ഷരങ്ങളെല്ലാം അതാതു ഒറ്റയക്ഷരങ്ങളുടെ ആവർത്തനാമായേ ലഭിക്കൂ. കീമാനിലെപ്പോലെ ക്യാപ്പിറ്റൽ ലെറ്റർ വർക്ക് ചെയ്യില്ല. ഉദാ: ങ്ങ = ngnga, ച്ച = chcha
ഇതാണ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് :-(
അരുൺ, എന്തുചെയ്യാം പ്രോഗ്രാമുകൾ എഴുതിയുണ്ടാക്കുന്നവരുടെ ഒരോരോ ലോജിക്കുകൾ :-)
എങ്കിലും
"പരിശ്രമം ചെയ്യുകിലെന്തിനേയും, വശത്തിലാക്കാൻ കഴിവുള്ളവണ്ണം, ദീർഘങ്ങളാം രണ്ടു കൈകളും പിന്നെ തലച്ചോറും തന്നല്ലേ മനുഷ്യനെ പാരിലേക്കയച്ചതീശൻ.. അതുകൊണ്ട് let us practice this too. !!
:-))
64 bit ന് ഇല്ല അല്ലെ ??...എനിക്ക് ഒരു രക്ഷയും ഇല്ല.. പിന്നെ northon internet security ഈ ഫയല്‍ വൈറസ് ആയിട്ടാ കാണിക്കുന്നത്...വൈ?
ഷിബുവിന്റെ അല്ല അപ്പുവിന്റെ സൈറ്റില്‍ വീണ്ടും കടന്നു കൂടി, പുതിയ ബ്ലോഗ് വായിച്ചു, പക്ഷെ അത്, ഗൂഗിള്‍ മലയാളം ട്യ്പിങ്ങിനെക്കാള്‍ സുഗമമാണോ? എങ്കില്‍ ഒന്ന് പരീക്ഷിക്കണം. തന്നെയുമല്ല ഞാന്‍ ഇപ്പോള്‍ ഗൂഗിളിന്റെ മലയാളം ഒരുവിധം സ്പീഡില്‍ തന്നെ ടൈപ്പ് ചെയ്യുന്നുട് . പിന്നെ ഈ പുതിയ രീതിയിലാക്കു മാറിയാല്‍ ആ വേഗം കിട്ടുമോ എന്തോ? ഏതായാലും ഒന്ന് ശ്രമിക്കുന്നു. പിന്നൊരു കാര്യം ബ്ലോഗില്‍ സൂചിപ്പിച്ചതുപോലെ എന്റെ main ബ്ലോഗില്‍ ആദ്ധ്യാക്ഷരിയുടെ ഒരു പരസ്യം എന്റെ ഒരു ചെറു കുറിപ്പോടെ കൊടുക്കുന്നു
മലയാളം ബ്ലോഗിംഗ്, ടൈപ്പിംഗ്
തുടങ്ങിയവയ്ക്ക് ഒരു പഠന സഹായ സൈറ്റ് സന്ദര്‍ശിക്കുക aadhyakshari (ആദ്ധ്യാക്ഷരി
നന്ദി നമസ്കാരം,
വീണ്ടും കാണാം
വളഞ്ഞവട്ടം പി വി ഏരിയല്‍
സിക്കണ്ട്രാബാദ്
ഫിലിപ്, ഒരു സത്യം പറയൂ. ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ച് ടൈപ്പു ചെയ്യുമ്പോൾ ഒരു അക്ഷരത്തെറ്റുമില്ലാതെ ഏതുമലയാളം വാക്കുകളും താങ്കൾ ഉദ്ദേശിക്കുന്ന രീതിയിൽ ടൈപ്പു ചെയ്തെടുക്കാൻ സാധിക്കുമോ? ഇല്ല !! അതാണു കീമാനും കീമാജിക്കും ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷനും തമ്മിലുള്ള വ്യത്യാസം. ഗൂഗിളിൽ ഒരു വാക്ക് മുഴുവനായാണ് മൊഴിമാറ്റുന്നത്, കീമാജിക്കിൽ ഒരോ അക്ഷരങ്ങളായിട്ടാണ് മലയാളത്തിലേക്ക് മാറ്റുന്നത്. അതുകൊണ്ട് അക്ഷരത്തെറ്റും വരില്ല.
അപ്പു.അത് വളരെ സത്യം തന്നെ, സത്യം. ചില വാക്കുകള്‍ ചിലപ്പോള്‍ കീറി മുറിച്ചാല്‍ മാത്രമേ ശരിയായി കിട്ടുള്ളൂ. അങ്ങനെയെങ്കില്‍ കീമാജിക്ക് തന്നെ കേമന്‍ ചിരിയോ ചിരി.
ഏതായാലും നാളെ ഒന്ന് ശ്രമിക്കണം
പെട്ടന്നുള്ള മറുപടിക്കും നന്ദി
വീണ്ടും കാണാം
അൻഷാദിന്റെ ചോദ്യം വിക്കിപ്രവർത്തകർക്ക് അയച്ചൂ കൊടുത്തിട്ടുണ്ട്. മറൂപടി പ്രതീക്ഷിക്കുന്നു.
ഞാൻ ഇപ്പോൾ അങ്ങോട്ട് ഇൻസ്റ്റാൾ ചെയ്തു. കീ മാജിക്ക് ഉപയോഗിച്ച് ഈ കമന്റും അങ്ങോട്ടിടുന്നു. ഇതൊക്കെ കണ്ടുപിടിക്കുന്ന മിടുക്കന്മാർക്കും ഇതൊക്കെ യഥാസമയം ഇങ്ങനെ നമ്മളിൽ എത്തിക്കുന്ന അപ്പുമാഷെപോലുള്ളവർക്കും എത്രനന്ദി പറഞ്ഞാലും മതിയാകില്ല. ജുനൈദിനും ബർമ്മീസിനും ഒക്കെ നന്ദി! ആദ്യാക്ഷരിക്കും നന്ദി! സുഖാന്വേഷണങ്ങളോടെ!
താങ്കളുടെ ഈ ബ്ലോഗാണ് എന്‍റെ കമ്പ്യൂട്ടര്‍ ഗുരു.അഭിനന്ദനങ്ങള്‍ . എഴുതുവാന്‍ ഗൂഗിള്‍ "ഓഫ് ലൈന്‍ " ഉപയോഗിക്കുന്നു. പിന്നെ താങ്കളുടെ പോസ്റ്റുകള്‍ വായിച്ചു വരമൊഴി , കീമാജിക് തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും എക്സ്പ്ലോററില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.(വിന്‍ഡോസ് 7 ആണ്നോ)ട്ട്പാഡില്‍ മാത്രം പറ്റുന്നുണ്ട്.എന്താവാം കാരണം?
വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്താ ശേഷം സിസ്റ്റത്തിലെ ഫോണ്ടുകളെല്ലാം ചെറുതായി.ബ്ലോഗും മറ്റു പേജുകളും ഒക്കെ ഫോണ്ടുകള്‍ മാറിപ്പോയിരിക്കുന്നു.
വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.
മുഹമ്മദ്, താങ്കൾ വിവരിച്ച പ്രശ്നങ്ങളൊന്നും വരമൊഴിയോ കീമാനോ ഇൻസ്റ്റാൾ ചെയ്തതുകൊണ്ട് സംഭവിച്ചതാണെന്ന് തോന്നുന്നില്ല. ഇങ്ങനെ കേട്ടിട്ടുമില്ല. താങ്കളുടെ വിന്റോസ് സിസ്റ്റത്തിലെ എന്തോ തകരാറുമൂലമാണ് ഇങ്ങനെ കാണുന്നത്. എക്സ്പ്ലോററിൽ താങ്കൾ എവിടെ ടൈപ്പ് ചെയ്യാനാണ് ശ്രമിച്ചത്? ബ്ലോഗ് എഡിറ്റർ പേജിലോ അതോ ജി.മെയിലിലോ? അങ്ങനെ വരാൻ സാധ്യതയില്ല. വീണ്ടും ഒരിക്കൽ കൂടി ഇൻസ്റ്റാൾ ചെയ്തു നോക്കൂ.
I tried it. But The following message appears after installation completed:
"Create Process failed; code 740
The requested operation requires elevation"
What to do?
വളരെ ഉപകാരപ്രദം. പക്ഷേ എൻറെ സിസ്റ്റത്തിൽ ചില പ്രശ്നങ്ങൾ കാണിക്കുന്നുണ്ട്. 1. ല്ല ഒരുമിച്ച് വരുന്നില്ല.
2. ൻറെ എന്നത് ശരിയാകുന്നില്ല.
3. സ്റ്റേ എന്നത് ശരിയാകുന്നില്ല.
ബഷീർ ഏതു വിന്റോസ് വേർഷൻ ആണു ഉപയോഗിക്കുന്നത്? അതുപോലെ എഴുതാൻ ഉപയോഗിച്ച ആപ്ലിക്കേഷൻ ഏത്? (വേഡ്, നോട്ട് പാഡ്, ബ്ലോഗർ എഡിറ്റ് പേജ്?)
കമന്റിടാൻ നല്ല സുഖം...മൊഴിമാനെ അപേക്ഷിച്ച് മെച്ചം എന്നു പറഞ്ഞാൽ ctrl + M ഇതിൽ വർക്കു ചെയ്യുന്നു എന്നതാണ്. എന്റെ സിസ്റ്റത്തിന്റെ കാര്യം ആണു.
വളരെ മുൻപേ (ഇത് ശ്രദ്ധയിൽ പെട്ട സമയം മുതൽ) ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നു.... വളരെ ഈസി ആയി തോന്നുന്നു... പക്ഷെ ഔട്ലുക്ക് പോലെയുള്ള അപ്പ്ലിക്കേഷനിൽ ഇത് വർക്ക് ചെയ്യുന്നില്ല... !!!
ഇനി എന്റെ കമ്പ്യൂട്ടറിൽ മാത്രമാണോ ഈ പ്രശ്നം എന്നും അറിയില്ല.... വിൻ7 (64ബിറ്റ്) & ഓഫീസ് 2010 ആണു ഉപയോഗിക്കുന്നത്... ഇതെങ്ങാനും ആവുമോ
പോസ്റ്റ് വായിച്ചു നന്ദി
കീമാജിക് വയിച്ചു ഇതു കീമാജിക്കിൾ ടൈപ്പ് ചൈതതാൺ ചില ചില്ലക്ഷരങ്ങൾ ശെരിയാകുന്നില്ല ഉദാഹരണം[എന്റ്റെ] കീമാനിലും ഇതു ലഭിച്ചിരുന്നില്ല എന്തു ചെയ്യണം {എന്‍റെ}ഇതു കോപ്പി പേസ്റ്റ് ചൈതതാണു മറുപടി പ്രതീക്ഷിക്കുന്നു
സിറാജ്, ഇത് കീമാജിക്കിന്റെ പ്രശ്നമല്ല എന്നു തോന്നുന്നു. താങ്കൾ ഉപയോഗിക്കുന്ന വിന്റോസ് വേർഷൻ ഏതാണ് ? മലയാളം യൂണിക്കോഡ് ഫോണ്ട് എതാണ്?
മാഷെ എന്റ്റെ സിസ്റ്റംവിന്‍ഡോസ് 7നും അഞലിഓAnjali Old Lipi Font Installer Link ള്‍ഡ്‌ലിപിയുമാണ്
മാഷെ ഇതു വിൻഡോസ്xpയിൽ കിട്ടുന്നുണ്ട് [എന്റെ നിന്റെ തന്റെ]ഇതുപോലെ വ്ൻഡോസ്7നിൽ കിട്ടുന്നില്ല എന്ത് ചെയ്യണം
എന്റെ വിന്‍ഡോസ് 7 ഹോം പ്രിമീയം 64 ബിറ്റ് ഇല്‍ ഇവന്‍ വര്‍ക്ക് ചെയ്യുന്നില്ല. 32 ബിറ്റ് ഒകെ ആണ്.
അനിൽമാഷ് പറഞ്ഞതുതന്നെ കാരണം.. ഇതിനുള്ള പ്രതിവിധി കീമാജിക്ക് നിർമ്മാതാക്കളോട് ചോദിച്ചിട്ടുണ്ട്
is there ny software avaliable(free) just like keyman or keymagic for typing in malayam in the operating system microsoft windows 7 64bit????????
എന്റെ വിന്‍ഡോസ് എക്സ് പി സിസ്റ്റത്തില്‍ കീമാജിക് ഇന്‍സ്റ്റാള്‍ ചെയ്തു.എന്നാല്‍ ഇന്സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ ചില്ലക്ഷരങ്ങള്‍ ശരിയായി കിട്ടുന്നില്ല.
അശോകൻ, ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുമ്പോൾ മാത്രമേ ചില്ലു പ്രശ്നം ഉള്ളോ? ടാൻസ്‌ലിറ്ററേഷനിൽ പ്രശ്നമില്ലേ?
മലയാളം ടൈപ്പിംഗിന് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡാണ് ഞാന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ട്രാന്‍സ് ലിറ്ററേഷന്‍ രീതിയില്‍ ചെയ്തു നോക്കിയിട്ടില്ല
അശോകൻ എഴുതിയ ടെക്സ്റ്റ് ഇവിടെ വായിക്കുമ്പോൾ ചില്ലുകളൊക്കെ ശരിയായിതന്നെയാണു കാണപ്പെടുന്നത്. അതുകൊണ്ട് താങ്കളുടെ സിസ്റ്റത്തിലെ ഫോണ്ടിനാണ് പ്രശ്നം എന്നുതോന്നുന്നു. ഈ ബ്ലോഗിലെ ചില്ലും ചതുരവും എന്ന അദ്ധ്യായം വായിച്ചിട്ട് വേണ്ടകാര്യങ്ങൾ ചെയ്യൂ.
പ്രിയപ്പെട്ട അപ്പൂസ്,
താങ്കള്‍ പറഞ്ഞപ്രകാരം അഞ്ജലി ഓള്‍ഡ് ലിപി ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ചില്ലക്ഷരം കിട്ടാത്ത പ്രശ്നം പരിഹരിച്ചു.വളരെ നന്ദി. ഫോണ്ടുകള്‍ക്കു പിന്നിലെ ശാസ്ത്രീയ വസ്തുതകള്‍ ലളിതമായി പ്രദിപാദിച്ചിരിക്കുന്ന ലേഖനവും വളരെ നന്നായിട്ടുണ്ട്. മറ്റുള്ളവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പുതിയ അറിവുകള്‍ പങ്കുവെക്കുന്നതിനുമുള്ള താങ്കളുടെ മഹാമനസ്ക്കതയ്ക്ക് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
അപ്പു,
ഇൻസ്റ്റാൾ ചെയ്യുമ്പൊ അവസാനം എറർ കാണിക്കുന്നു. കീമാനെക്കാളും നന്നായി പ്രവർത്തിക്കുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിലും നോട്ട്പാഡ്, വേഡ്പാഡ് ഇവിടങ്ങളിൽ ഇത് പ്രവർത്തിക്കുന്നില്ല. വിൻഡോസ് 7ആണ്.
കൊട്ടോട്ടിക്കാരാ, വിന്റോസ് 7 ഉം മലയാളവും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. അത് വിന്റോസിന്റെ പ്രശ്നമാണ്. ഏതായാലും കീമാജിക്കിന്റെ പ്രവർത്തകരെ ഈ വിവരം അറിയിക്കാം. അവർ പറയുന്നതെന്തെന്നു നോക്കാം.
അപ്പുമാഷ്,
64 ബിറ്റ് ആണ് പ്രശ്നക്കാരൻ.
പെട്ടന്ന് പരിഹരിക്കപ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നു.
എന്റെ അഭിപ്രായത്തില്‍ Windows 7ല്‍ ഏറ്റവും നന്നായി integrate ചെയ്തിരിക്കുന്നതും നന്നായി പ്രവര്‍ത്തിക്കുന്നതുമായ ട്രാന്‍സ്ലിറ്ററേഷന്‍ ടൂള്‍ മൈക്രോസോഫ്റ്റിന്റെ തന്നെ Microsoft Indic Language Input Toolന്റെ ഡെസ്ക്ടോപ് പതിപ്പാണ്.
http://specials.msn.co.in/ilit/Malayalam.aspx
Indic Input 1 and Indic Input 2 32 & 64 bit available at:
http://bhashaindia.com/Downloads/Pages/home.aspx
MystiX നന്ദി, ഈ വിവരങ്ങൾ ചേർത്ത് മലയാളം എഴുത്തിനുള്ള വഴികൾ എന്ന അദ്ധ്യായം ഒന്നു മാറ്റിയെഴുതാം.
തങ്ക്സ്,
ഞാൻ കഴിഞ്ഞ ആയ്ച്ച കീമാജിക് ഇൻസ്റ്റാൾ ചെയ്തു,,,, നിംബസിൽ ശെരിയായികിട്ടുന്നില്ല. .അതു പൊലെ തന്നെ നോട്ട് പാടിൽ ടൈപ്പ് ചെയ്യാൻ ഒട്ടും പറ്റുന്നില്ല....
അത് ഇനി എന്റെ സിസ്റ്റെത്തിൽ മാത്രമാണോ? വേറെ ഒരു പൊസ്റ്റഇൽ നോട്ട്പാടിൽ ശെരിയാവുന്നു എനു കണ്ടു... അപ്പു നിബ്സ്സിൽ വേറെ സിസ്റ്റ്ത്തിൽ ഞാൻ ട്രൈ ചെയ്തു നോക്കിയില്ല കെട്ടോ....
വെളിച്ചപ്പാട് വിന്റോസ് 7 ആയിരിക്കും ഉപയോഗിക്കുന്നത് എന്നു കരുതുന്നു !!
അപ്പുമാഷ്,
എന്റെ വന്റോസ് സെവനെ (64 ബിറ്റ് )ഏതാണ്ട് മെരുക്കി എടുത്തു. കീ മാജിക്കിന്റെ സിപ്പ്ഡ് വേർഷൻ അതിൽ നടക്കില്ല. ഇന്സ്റ്റാളർ (.exe)ഉപയോഗിച്ച് ഇന്റ്സാൾ ചെയുക. സ്റ്റാർട്ടപ്പിൽ നിന്ന് ഒഴിവാക്കുക, ആദ്യ തവണ ട്രബിൾ ഷൂട്ട് കമ്പാറ്റിബിലിറ്റി കൊടുത്ത് സേവ് ചെയ്യുക. സംഗതി വർക്കുന്നു, ഇത് കീമാജിക് ഉപയോഗിച്ച് എഴ്തുന്നതാണു. ഓരോ തവണ പി സി ഓൺ ചെയ്യുമ്പോഴും മാനുവലായി കീ മാജിക് സ്റ്റാർട്ട് ചെയ്യാൻ മറക്കരുത്.
നന്ദി അനിൽ മാഷേ ! ഇനി ഓർത്തുകൊള്ളാം.
facebookil ayuthan pattumo?
ഫെയ്സ്ബുക്കിൽ എഴുതാം.
കീ മാജിക് ഇൻസ്റ്റാൾ ചെയ്തു. വളരെ നന്നായി പോകുന്നു. ന്റെ മാത്രമാണു പ്രശ്നമായി തോന്നുന്നത്. എന്തു ചെയ്യണം മാഷെ?
ന്റ പ്രശ്നനമാണെങ്കിൽ അതു ഫോണ്ടീന്റെ പ്രശ്നമാണ്. ലേറ്റസ്റ്റ് വേർഷൻ അഞ്ജലി ഓൾഡ് ലിപി ഫോണ്ട് ഇൻസ്റ്റാൾ ചെയ്യൂ
Anjali oldlipi version 0.730 2004 ആണു താങ്കൾ കൊടുത്തിരുന്ന ലിങ്കിൽ നിന്നും download ചെയ്തിരിക്കുന്നത്.
ചില ബ്ലോഗുകളിൽ കമന്റ് പോസ്റ്റുചെയ്യാൻ ശ്രമിക്കുമ്പോൾ(ഗൂഗിൾ അക്കൗണ്ടിലൂടെ) publish your comment button press ചെയ്യുമ്പോൾ കമന്റ് ഒന്നാകെ അപ്രത്യക്ഷമാകുന്നു. എന്താണു മാഷെ പ്രശ്നം?
ഞാനും ശിഷ്യപ്പെട്ടിട്ടുണ്ട്. :)
ഈ പ്രശ്നം എന്തായാലും ഫോണ്ടിന്റേതോ എഴുതാൻ ഉപയോഗിച്ച രീതിയുടേതോ അല്ല. ബ്ലോഗറിലെ താൽക്കാലികമായ എന്തെങ്കിലും തകരാറാവാനെ വഴിയുള്ളൂ. കമന്റ് പബ്ലിഷ് ബട്ടൺ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് എഴുതിയ കാര്യങ്ങൾ ഒന്നു കോപ്പി ചെയ്തോളൂ.. (മാർക്ക് ചെയ്തിട്ട് Ctrl + V) ഇനി അഥവാ കമന്റു പബ്ലിഷ് ആയില്ലെങ്കിലും വീണ്ടും പേസ്റ്റ് ചെയ്യാമല്ലോ. (ചില ബ്ലോഗുകളിൽ കമന്റ് മോഡറേഷൻ ഉണ്ടായിരിക്കും. അങ്ങനെയുള്ള ബ്ലോഗുകളിലും പ്രസിദ്ധീകരിച്ചയുടനെ കമന്റുകൾ പ്രത്യക്ഷപ്പെടില്ല.
ഇന്നലെ ഈ കമന്റിലെ ന്റെ എല്ലാം ശരിയായി കണ്ടിരുന്നു. ഇന്നു വീണ്ടും കുഴപ്പമായി.
വളരെ നന്ദി മാഷെ, വീണ്ടും വരാം.
മാഷെ, വായനക്കാരിൽ ചിലർ പറയുന്നു എന്റെ ബ്ലോഗിലെ ന്രു, വ്രു മുതലായ അക്ഷരങ്ങൾക്കു പ്രശ്നമുണ്ടെന്ന്.ഇത് അവരുടെ ഫോണ്ടിന്റെ പ്രശ്നമായിരിക്കുമോ? ദയവായി താങ്കൾ ഒന്നുപോയി നോക്കുമോ? (കമന്റും കൂടി.)
http://nass6s.blogspot.com/2011/12/blog-post_25.html
Post a Comment